Kozhikode

ഇലന്തുകടവ് ഇരുമ്പ് പാലം പൊളിക്കൽ ആരംഭിച്ചു

കോടഞ്ചേരി ∙ ഇരുവഞ്ഞിപ്പുഴയിൽ ഇലന്തുകടവിലെ പഴയ ഇരുമ്പുപാലം പൊളിക്കുന്ന ജോലികൾ ആരംഭിച്ചു. കഴിഞ്ഞ പ്രളയത്തിൽ പാലത്തിന്റെ തൂണുകളിൽ വലിയ മരങ്ങൾ തടഞ്ഞു പുഴ ഗതിമാറി ഒഴുകി സമീപ പുരയിടങ്ങളിൽ വെള്ളം കയറി വൻ നാശനഷ്ടങ്ങളുണ്ടായിരുന്നു.ദുരന്ത നിവാരണ പ്രവൃത്തിയിൽ ഉൾപ്പെടുത്തി മഴയ്ക്കു മുൻപ് അടിയന്തരമായി പാലം പൊളിച്ചു നീക്കാൻ കലക്ടർ സാംബശിവറാവു ഉത്തരവ് നൽകിയതിനെ തുടർന്നാണു പാലം പൊളിച്ചുമാറ്റുന്ന ജോലികൾ ആരംഭിച്ചത്.എൽഎസ്ജിഡി എൻജിനീയർ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണു പ്രവൃത്തി ചെയ്യുന്നത്.

ഇരുമ്പ് പാലത്തിന്റെ ഇരുമ്പ് കൈവരികൾ അടക്കം ഗ്യാസ് കട്ടറുകൾ ഉപയോഗിച്ചു മുറിച്ചു നീക്കുന്ന ജോലികൾ ഇന്നലെ ആരംഭിച്ചു.1991-ൽ വൈത്തിരിയിലുണ്ടായിരുന്ന പഴയ ഇരുമ്പ് പാലം പൊളിച്ചുകൊണ്ട് വന്നു കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളും നാട്ടുകാരും ചേർന്നു സ്ഥാപിച്ചതാണ് ഈ പാലം.

2017-ൽ പൊതുമരാമത്ത് വകുപ്പ് പഴയ ഇരുമ്പ് പാലത്തിനോട് ചേർന്നു പുതിയ വലിയ പാലം നിർമിച്ചതോടെ ഇരുമ്പ് പാലം ഉപയോഗമില്ലാതായി. കഴിഞ്ഞ പ്രളയത്തിൽ ഇരുമ്പ് പാലവും അനുബന്ധ റോഡുമായുള്ള ബന്ധം മണ്ണിടിച്ചിലിൽ വേർപെട്ടു കിടക്കുകയായിരുന്നു.ഇതോടൊപ്പം തന്നെ പുതിയ പാലത്തിനും പഴയ ഇരുമ്പുപാലത്തിനും ഇടയിൽ പുഴയിൽ ഒഴുക്കിനു തടസ്സമായി കിടക്കുന്ന വലിയ കല്ലുകൾ മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ചു നീക്കം ചെയ്യുന്ന ജോലികളും ആരംഭിച്ചിട്ടുണ്ട്.

News from Manorama

https://www.manoramaonline.com/district-news/kozhikode/2020/06/05/kozhikode-ramanattukara-removing-old-bridge.html

Related Articles

Leave a Reply

Back to top button