അന്താരാഷ്ട്ര ആട്യ-പാട്യ ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണനേട്ടവുമായി വേളംകോട് സെന്റ് ജോർജ്സ് എച്ച്.എസ്.എസ് വിദ്യാർത്ഥിനി ക്ലിയ ജോസ്

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനിയായ ക്ലിയ ജോസ് അന്താരാഷ്ട്ര ആട്യ-പാട്യ മത്സരങ്ങളിൽ ഇരട്ട സ്വർണനേട്ടം സ്വന്തമാക്കി നാടിനും വിദ്യാലയത്തിനും അഭിമാനമായി. ഭൂട്ടാനിൽ നടന്ന 10-ാമത് സീനിയർ സൗത്ത് ഏഷ്യൻ ആട്യ-പാട്യ ചാമ്പ്യൻഷിപ്പ് 2026-ലും 1-ാമത് ജൂനിയർ ഏഷ്യൻ ആട്യ-പാട്യ ചാമ്പ്യൻഷിപ്പ് 2026-ലും ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച ക്ലിയ ഇരുചാമ്പ്യൻഷിപ്പുകളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സ്കൂളിൽ സംഘടിപ്പിച്ച ‘പാഷൻ 2K26’ ഫുട്ബോൾ ആരാധക ആഘോഷങ്ങളുടെ ഭാഗമായി നടന്ന സ്വീകരണ റാലിയിൽ പി.ടി.എ പ്രസിഡന്റ് റൂബി മർക്കോസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ്.ഐ.സി. എന്നിവർ ചേർന്ന് ക്ലിയയെ പൊന്നാട അണിയിക്കുകയും മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.
അധ്യാപക ദമ്പതികളായ ജോസ് ജോസഫിന്റെയും ഷെർലി വി.ജെയുടെയും മകളായ ക്ലിയ, കായികരംഗത്തെ മികവിനൊപ്പം പഠനരംഗത്തും മികച്ച നിലവാരം പുലർത്തുന്ന വിദ്യാർത്ഥിനിയാണ്. കഠിനാധ്വാനവും അച്ചടക്കവും ആത്മവിശ്വാസവും കൈമുതലാക്കി ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ തുടർച്ചയായി ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കുന്ന ക്ലിയയുടെ ഈ നേട്ടം വിദ്യാലയത്തിനും പ്രദേശത്തിനും വലിയ അഭിമാനമാണ്.
ക്ലിയയുടെ അഭിമാനാർഹമായ നേട്ടത്തിൽ സ്കൂൾ മാനേജ്മെന്റ്, പി.ടി.എ., അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ അഭിനന്ദനം അറിയിച്ചു. കായികരംഗത്തും അക്കാദമിക രംഗത്തും ഒരുപോലെ മികവ് തെളിയിച്ച ക്ലിയ മറ്റ് വിദ്യാർത്ഥികൾക്കും പ്രചോദനമായി മാറിയിരിക്കുകയാണ്.







