ജനകീയ കാലാവസ്ഥാ നിരീക്ഷണ പദ്ധതിക്ക് കോടഞ്ചേരിയിൽ തുടക്കം

കോടഞ്ചേരി: പ്രാദേശിക തലത്തിലെ കാലാവസ്ഥ മനസ്സിലാക്കുന്നതിനും അതിനനുസരിച്ചുള്ള ദുരന്ത നിവാരണവും വികസന പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നതിനുമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തും ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയും സംയുക്തമായി നടത്തുന്ന ‘ജനകീയ കാലാവസ്ഥാ നിരീക്ഷണ പദ്ധതിയുടെ’ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു.ജനങ്ങളെ കാലാവസ്ഥ സാക്ഷരരാക്കുക എന്നത് കൂടിയാണ് പരിപാടിയുടെ ലക്ഷ്യം.
ലോകമെമ്പാടും കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രാദേശിക തലത്തിൽ കൃത്യമായ വിവരങ്ങൾ ശേഖരിക്കേണ്ടത് അനിവാര്യമാണെന്ന് പരിപാടിയുടെ ഉദ്ഘാടന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ മഴ, മറ്റു കാലാവസ്ഥാ സൂചകങ്ങൾ എന്നിവ ദിവസേന കൃത്യമായി നിരീക്ഷിച്ച് മഴമാപിനി രേഖപ്പെടുത്തും. ഈ വിവരങ്ങൾ പ്രാദേശിക കാർഷിക മേഖലയ്ക്കും ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും ആപത്കാല മുന്നൊരുക്കങ്ങൾക്കും നിർണായകമാകും.
ജില്ലയിൽ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ ജനകീയ കാലാവസ്ഥാ നിരീക്ഷണ പദ്ധതികളിലൊന്നാണിതെന്നും, പഞ്ചായത്തിലെ വിവിധ മേഖലകളിലെ മാറ്റങ്ങൾ രേഖപ്പെടുത്തുന്നതിലൂടെ ഭാവി വികസന പദ്ധതികൾക്ക് ഇത് വഴികാട്ടിയാകുമെന്നും സംഘാടകർ അഭിപ്രായപ്പെട്ടു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നകുട്ടി ദേവസ്യ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് അധ്യക്ഷത വഹിച്ചു. ഹ്യൂം സെന്റർ പ്രതിനിധി അഹമ്മദ് സഈദ് സ്വാഗത പ്രഭാഷണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വിൻസെന്റ് വടക്കേമുറി ആശംസകൾ അർപ്പിച്ചു.
ഹ്യൂം സെന്റർ പ്രതിനിധി ഹൃദ്യ രേവതി ‘ജനകീയ കാലാവസ്ഥാ നിരീക്ഷണ സംവിധാനം’ എന്ന വിഷയത്തിൽ വിഷയവതരണം നടത്തി. തുടർന്ന് ഹ്യൂം സെന്റർ പ്രതിനിധി അൻസ്വാഫ് അമൻ പദ്ധതിയുമായി ബന്ധപ്പെട്ട് പരിശീലനം നൽകി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിഖിൽ നന്ദി പ്രകാശിപ്പിച്ചു.
പരിപാടിയിൽ പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ഇത്തരം വിവരങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന വിഷയത്തിൽ പരിശീലനവും നയിച്ചു.







