കക്കാടംപൊയിലിന്റെ സമഗ്ര സാധ്യതകൾ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ടൂറിസം വകുപ്പ്

കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയിലിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി സമഗ്രമായ ടൂറിസം വികസനത്തിന് ആവശ്യമായ നടപടികൾക്ക് തുടക്കമായി. പ്രിയങ്ക ഗാന്ധി എം.പി.യുടെ നിർദ്ദേശപ്രകാരം ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം എം.എൽ.എ സി കെ കാസിം കക്കാടംപൊയിൽ കുരിശുമല, സ്വർഗ്ഗംകുന്ന്, വാളംതോട് തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ച് സാധ്യതകൾ നേരിട്ട് വിലയിരുത്തി.
ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ, ജോയിന്റ് ഡയറക്ടർ അഭിലാഷ് കുമാർ, സീനിയർ ഡയറക്ടർ രഞ്ജിത് ആർ. എന്നിവരടങ്ങിയ സംഘം പ്രദേശത്തിന്റെ പ്രകൃതിസൗന്ദര്യവും അഡ്വഞ്ചർ ടൂറിസം സാധ്യതകളും പരിശോധിച്ചു.
പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ ഉൾപ്പെടുത്തി DPR തയ്യാറാക്കി സമർപ്പിക്കുമെന്ന് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രകൃതിസൗഹൃദ ടൂറിസം വികസനത്തിലൂടെ കക്കാടംപൊയിലിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കും.






