എസ്.എം.എ ബാധിതരായ മൂന്ന് കുട്ടികളുടെ വീട് സന്ദർശിച്ച് ആർ.ജെ.ഡി നേതാക്കൾ; സഹായം ഉറപ്പുനൽകി

തിരുവമ്പാടി: അപൂർവ ജനിതകരോഗമായ സുഷുമ്നാ പേശീ ക്ഷയരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഡേവിഡ്, ഏദൻ, ഒലിവർ എന്നീ മൂന്ന് കുട്ടികളുടെ കുടുംബങ്ങളെ രാഷ്ട്രീയ ജനതാദൾ നേതാക്കൾ സന്ദർശിച്ചു. കുട്ടികളുടെ തുടർചികിത്സയ്ക്കായി ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ ഇടപെടുമെന്നും ചികിത്സാ സഹായ നിധി സമാഹരണ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും നേതാക്കൾ ഉറപ്പുനൽകി.
കുട്ടികളുടെ ചികിത്സയ്ക്കായി രൂപീകരിച്ച സഹായ സമിതി ഓഫീസിലെത്തിയ നേതാക്കൾ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് കുട്ടികളുടെ വീടുകൾ സന്ദർശിച്ച് കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചികിത്സാ പുരോഗതിയും തുടർചികിത്സയ്ക്കായി ആവശ്യമായ സഹായങ്ങളും സംബന്ധിച്ച വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
മൂന്ന് കുട്ടികളുടെയും തുടർചികിത്സയ്ക്കായി കോടിക്കണക്കിന് രൂപ ആവശ്യമായി വരുന്ന സാഹചര്യത്തിൽ ഉദാരമതികളുടെയും സർക്കാരിന്റെയും അടിയന്തര സഹായവും ഇടപെടലും അനിവാര്യമാണെന്ന് നേതാക്കൾ പറഞ്ഞു. കുട്ടികളുടെ ജീവൻ രക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ പാർട്ടി പൂർണമായും പങ്കാളികളാകുമെന്നും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ മുന്നിട്ടിറങ്ങുമെന്നും അവർ വ്യക്തമാക്കി.
സന്ദർശനത്തിലും സഹായ സമിതി ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിലും നേതാക്കളായ എം.വി. ശ്രേയാംസ് കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി വി. കുഞ്ഞാലി, പി.എം. തോമസ് മാസ്റ്റർ, കൊടുവള്ളി ബ്ലോക്ക് അംഗം ജിമ്മി ജോസ് പൈമ്പിള്ളിൽ, അബ്രാഹം മാനുവൽ, ടാർസൻ ജോസ്, വിൽസൻ പുല്ലുവേലി, ജോൺസൻ കുളത്തുങ്കൽ, ബേബി മഞ്ചേരിൽ, അബ്ദുൾ സത്താർ, അബ്ദുറഹിമാൻ മാസ്റ്റർ, ഗോൾഡൻ ബഷീർ, സുബൈർ അത്തൂളി, സി.വി. മുഹമ്മദ് എന്നിവർ പങ്കെടുത്തു.







