എലവേറ്റ്സ് 2026 സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാമ്പിന് സമാപനമായി

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നും രണ്ടും വർഷ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ദ്വിദിന സ്കൂൾതല ക്യാമ്പ് എലവേറ്റ്സ് 2026 സമാപിച്ചു.
സമാപനച്ചടങ്ങിന്റെ ഭാഗമായി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പതാക പി.ടി.എ. പ്രസിഡന്റ് റൂബി മർക്കോസ് താഴ്ത്തി. തുടർന്ന് രണ്ടാംവർഷ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ലീഡർമാർ ഒന്നാംവർഷ ലീഡർമാർക്ക് പതാക കൈമാറി. പുതിയ ഉത്തരവാദിത്വങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കും പ്രവേശിക്കുന്ന ഒന്നാംവർഷ അംഗങ്ങൾക്ക് പ്രചോദനമേകുന്നതായിരുന്നു ഈ ചടങ്ങ്.
രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ വിദ്യാർത്ഥികൾക്കായി ഐസ് ബ്രേക്കിംഗ് സെഷൻ, ദുരന്തനിവാരണ പരിശീലന ക്ലാസ്, ദ്വിതീയ സോപാൻ പരീക്ഷയ്ക്കുള്ള മുന്നൊരുക്ക ക്ലാസ്, ട്രാഫിക്-റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് തുടങ്ങിയ വിവിധ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. ഇതോടൊപ്പം സർവ്വമത പ്രാർത്ഥന, വേളങ്കോട് സ്കൂൾ ജംഗ്ഷനിൽനിന്ന് ഹയർ സെക്കൻഡറി വിഭാഗത്തിലേക്കുള്ള റോഡിന്റെ ശുചീകരണം, സ്കൂൾ പരിസരവും ക്യാമ്പസും വൃത്തിയാക്കൽ തുടങ്ങിയ സേവനപ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു.
അറിവും നൈപുണ്യവും സേവനമനോഭാവവും നേതൃത്വഗുണങ്ങളും വളർത്തുന്നതിനൊപ്പം വിദ്യാർത്ഥികളുടെ വ്യക്തിത്വവികസനത്തിനും സാമൂഹിക ഉത്തരവാദിത്വബോധം വളർത്തുന്നതിനും പ്രാധാന്യം നൽകിയാണ് ക്യാമ്പിലെ പ്രവർത്തനങ്ങൾ ക്രമീകരിച്ചത്. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളും മൂല്യങ്ങളും പ്രായോഗിക ജീവിതത്തിൽ പകർത്താൻ വിദ്യാർത്ഥികൾക്ക് പ്രചോദനമേകുന്നതായി ക്യാമ്പ്.
ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് സ്കൂൾ പി.ടി.എ., അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൊതുസമൂഹം എന്നിവരുടെ നിർലോഭമായ സഹകരണവും പിന്തുണയും ലഭിച്ചു.







