സ്ഥാനമാനങ്ങൾക്കപ്പുറം ഹൃദയങ്ങളിൽ മുദ്ര പതിപ്പിക്കാൻ സാധിക്കണം: സി.കെ. കാസിം എംഎൽഎ

തിരുവമ്പാടി: സ്ഥാനമാനങ്ങൾക്കപ്പുറം കോളേജിനെയും സമൂഹത്തെയും ചേർത്തുനിർത്തി, കർമങ്ങളിലൂടെ മറ്റുള്ളവരുടെ ഹൃദയങ്ങളിൽ മുദ്ര പതിപ്പിക്കാൻ സാധിക്കുമ്പോഴാണ് ഓരോ പദവിക്കും യഥാർഥ അർത്ഥം കൈവരിക്കുന്നതെന്ന് സി.കെ. കാസിം എംഎൽഎ പറഞ്ഞു. തിരുവമ്പാടി അൽഫോൻസ കോളേജിലെ പുതിയ കോളേജ് യൂണിയൻ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോൺ ബോസ്കോ കോളേജ് സുൽത്താൻ ബത്തേരി പ്രിൻസിപ്പൽ ഫാ. ഷാജൻ നോറോണ മുഖ്യപ്രഭാഷണം നടത്തി. താമരശ്ശേരി രൂപത ചാൻസലർ ഫാ. സുബിൻ കവളക്കാട്ട് അധ്യക്ഷത വഹിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. ഷൈജു ഏലിയാസ് പുതിയ യൂണിയൻ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രിൻസിപ്പൽ സെബാസ്റ്റ്യൻ എം.സി., കോളേജ് യൂണിയൻ ചെയർപേഴ്സൺ റോസ് ലിറ്റ് സജി, സെക്രട്ടറി മുഹമ്മദ് ഇബ്രാഹീം, മുൻ യൂണിയൻ ചെയർമാൻ എബിൻ സണ്ണി, യൂണിയൻ അഡ്വൈസർ സബിൻ തോമസ് എന്നിവർ സംസാരിച്ചു.
തുടർന്ന് കോളേജിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.







