സർവീസ് കഴിഞ്ഞ് നിർത്തിയിട്ട ബസ്സുകൾക്ക് നേരെ ആക്രമണം; രണ്ട് സ്വകാര്യബസ്സുകളുടെ ചില്ലുകൾ തകർത്തതായി പരാതി

മുക്കം: സർവീസ് സമയം സംബന്ധിച്ച തർക്കത്തെ തുടർന്ന് രണ്ട് സ്വകാര്യ ബസ്സുകളുടെ ചില്ലുകൾ അടിച്ചുതകർത്തതായി പരാതി. മാവൂർ-കോഴിക്കോട് റൂട്ടിലും മുക്കം-കോഴിക്കോട് റൂട്ടിലും ഓടുന്ന ഉത്രാടം ഗ്രൂപ്പിന്റെ സ്വരരാഗം, മഞ്ജു എന്നീ ബസ്സുകളാണ് ആക്രമിക്കപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ ഒന്നരക്കും രണ്ടേമുക്കാലിനും ഇടയിലാണ് സംഭവം നടന്നതെന്നാണ് വിവരം.
ബൈക്കിലെത്തിയ രണ്ടുപേർ ബസ്സുകളുടെ ചില്ലുകൾ അടിച്ച് പൊട്ടിച്ചതായാണ് പരാതി. സർവീസ് കഴിഞ്ഞ് മുക്കം നഗരത്തിലും പെരുമണ്ണയിലും നിർത്തിയിട്ടിരുന്ന ബസ്സുകളാണ് അക്രമത്തിന് ഇരയായത്.
രണ്ടുദിവസം മുമ്പ് സമയം സംബന്ധിച്ച് മറ്റൊരു ബസ്സിലെ ജീവനക്കാരുമായി തർക്കമുണ്ടായിരുന്നുവെന്ന് പറയുന്നു. തുടർന്ന് ബസ് പാളയത്ത് നിർത്തിയിട്ടിരുന്ന സമയത്ത് മുക്കം ഭാഗത്തെ കുറെ ബസ്സുകളുടെ നടത്തിപ്പുകാരനായ ബഷീർ എന്നയാൾ എത്തി സ്വരരാഗം ബസിന്റെ താക്കോൽ ഊരിക്കൊണ്ടുപോയിരുന്നു.ഇതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയതായും തുടർന്ന് 7000 രൂപ ഇയാളിൽനിന്ന് ഈടാക്കിയതായും പറയുന്നു. അതിന്റെ വൈരാഗ്യമാണ് ശനിയാഴ്ചത്തെ അക്രമത്തിന് കാരണമെന്നാണ് ആരോപണം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി സൂചനയുണ്ട്.







