Anakkampoyil

അനക്കാംപോയിൽ – മുത്തപ്പൻപുഴ വനമേഖല ഡി എഫ് ഒയും സംഘവും സന്ദർശിച്ചു.

അനക്കാംപോയിൽ: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൃഷി നാശം സംഭവിച്ചതും അതിർത്തി പ്രശ്നങ്ങൾ നിലനില്കുന്നതുമായ അനക്കാംപോയിൽ – മുത്തപ്പൻപുഴ വനമേഖല പ്രദേശങ്ങൾ കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രാജീവ് എൻ എമ്മും സംഘവും സന്ദർശിച്ചു നിലവിലെ സാഹചര്യം വിലയിരുത്തുകയും കർഷകരും ജനപ്രതിനിധികളുമായി ചർച്ച നടത്തുകയും ചെയ്തു.

കൃഷിനാശം സംഭവിച്ച കർഷകർക്ക് സർക്കാർ നിർദ്ദേശങ്ങളനുസരിച്ചുള്ള നഷ്ടപരിഹാരം നൽകുന്നതിനും വനാതിർത്തിയിലെ സോളാർ ഫെൻസിങ് മൂന്ന് മാസത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഡി എഫ് ഒ തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.

അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കേസിനു പോകുവാനായി ഡി എഫ് ഒ നിർദ്ദേശിച്ചുവെന്നും പ്രശ്ന പരിഹാരത്തിനായി കർഷകരുടെയും നാട്ടുകാരുടെയും പൂർണ്ണ പിന്തുണ ഉണ്ടാവണമെന്നും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലീലാമ്മ മംഗലത്ത് പറഞ്ഞു. കർഷകരുടെ ആശങ്കകളോട് അനുഭാവ പൂർണമായ നിലപാടുകൾ സ്വീകരിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരോട് നന്ദി അറിയിക്കുന്നുവെന്നും നടപടികൾ വാക്കിൽ മാത്രം ആകാതെ പ്രാവർത്തികമാക്കണമെന്നും നഷ്ടപരിഹാരം ലഭിക്കേണ്ട കർഷകർ എത്രയും പെട്ടെന്ന് അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കണമെന്നും കർഷക കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് ജമീഷ് ഇളംതുരുത്തിൽ അറിയിച്ചു.

അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ കേസ് ഫയൽ ചെയ്യുവാൻ ഒരുങ്ങുകയാണെന്നും നഷ്ടപരിഹാരം, ജണ്ട ഇടൽ, സോളാർ ഫെൻസിങ് തുടങ്ങിയ കാര്യങ്ങളിൽ കാലതാമസം വരാതെയുള്ള നടപടികൾ സ്വീകരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടുവെന്നും ചർച്ചയിൽ പങ്കെടുത്തശേഷം പ്രദേശത്തെ കർഷക പ്രതിനിധികൾ തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.

Related Articles

Leave a Reply

Back to top button