Kozhikode

വടകരയിൽ ചായക്കടക്കാരന് കോവിഡ്, സമ്പർക്കം നൂറിലധികം

വടകര ∙ കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായ ആളുകളി‍ൽ അശോക് തിയറ്ററിനു സമീപത്തെ ചായക്കടക്കാരനും. ഇദ്ദേഹത്തിന്റെ ആദ്യ സമ്പർക്കപ്പട്ടികയിൽ മാത്രം നൂറോളം പേരുണ്ട്. നഗരത്തിൽ തിരക്കേറിയ ഈ ഭാഗത്ത് ഡ്രൈവർമാർ ഉൾപ്പെടെ ഒട്ടേറെ പേർ എത്തുന്നുണ്ട്. കടയുമായി ബന്ധപ്പെട്ട എല്ലാവരും ക്വാറന്റീനിൽ കഴിയാൻ ആരോഗ്യ വിഭാഗം അഭ്യർഥിച്ചു. സമ്പർക്കപ്പട്ടികയിലുള്ളവർക്ക് അടുത്ത ദിവസം പരിശോധന നടത്തും.

ആദ്യ ദിവസം നടത്തിയ പരിശോധനയിൽ പോസിറ്റീവായ 2 പേരുമായി 250 പേർക്ക് സമ്പർക്കമുണ്ടായിരുന്നു. ഇവരുടെ പരിശോധനയിൽ നഗരസഭാ പ്രദേശവുമായി ബന്ധപ്പെട്ട 13 പേരെ കൂടി കണ്ടെത്തി. എന്നാൽ ഇതിൽ കുട്ടികൾ ഉൾപ്പെടെ ഭൂരിഭാഗം പേർക്കും സമ്പർക്കം ഏറെയില്ലാത്തത് ആശ്വാസമായിരുന്നു. സമ്പർക്കമുള്ളവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയതായി ജെഎച്ച്ഐ കെ.ബിജു പറഞ്ഞു. ആവശ്യമെങ്കിൽ വിവിധ കേന്ദ്രങ്ങളിൽ പരിശോധനാ സൗകര്യം ഏർപ്പെടുത്തും.

ആരോഗ്യ പ്രവർത്തകർ കൂട്ടത്തോടെ ക്വാറന്റീനിൽ
റോഡുകൾ പൊലീസ് അടച്ചു

കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത വടകര നഗരസഭാ പ്രദേശത്ത് തിരക്ക് ഒഴിവാക്കാൻ നഗരത്തിലെ പ്രധാന റോഡും ദേശീയ പാതയും ഒഴികെയുള്ള റോഡുകൾ പൊലീസ് അടച്ചു. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച നഗരത്തിലെ 10 വാർഡിൽ 2 ദിവസം നിയന്ത്രണം ഏർപ്പെടുത്തിയിട്ടും തിരക്കിനു കുറവില്ലായിരുന്നു. തുടർന്നാണ് വിവിധ റോഡുകൾ അടച്ചത്.

ലിങ്ക് റോഡ്, ക്വീൻസ് റോഡ്, കോട്ടക്കടവ് റോഡ് എന്നിവയെല്ലാം അടച്ചിട്ടു. കോട്ടക്കടവ് റെയിൽവേ ഗേറ്റും അടച്ചിരിക്കുകയാണ്. നഗരത്തിൽ മെയിൻ റോഡ്, ടൗൺഹാൾ– കോൺവന്റ് റോഡ് എടോടി റോഡ് ജനതാ സീയം റോഡ് എന്നിവ തുറന്നിട്ടുണ്ട്. അനാവശ്യമായി വരുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കും. പഴയ ബസ് സ്റ്റാൻഡ്, കുലച്ചന്ത റോഡും അടച്ചു. കഴിഞ്ഞ ദിവസം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച നഗരത്തിലെ വിവിധ വാർഡുകളിലും റോഡുകൾ അടച്ചു.

താഴെ അങ്ങാടി മത്സ്യ മാർക്കറ്റും അടച്ചു

ജനത്തിരക്ക് ഏറിയതിമെ തുടർന്ന് വടകര താഴെ അങ്ങാടി മത്സ്യ മാർക്കറ്റും അടച്ചു. നഗരസഭാ പ്രദേശം കണ്ടെയ്ൻമെന്റ് സോണിലാക്കിയപ്പോൾ ടൗൺ മത്സ്യ മാർക്കറ്റ് അടച്ചിരുന്നു. തുടർന്ന് പലരും കച്ചവടം താഴെ അങ്ങാടി മൊത്ത മാർക്കറ്റിലാക്കി. ഇതോടെ തിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യം വന്നപ്പോഴാണ് മാർക്കറ്റ് അടച്ചത്. കോവിഡ് സമൂഹ വ്യാപന സാധ്യത കണക്കിലെടുത്ത് പൊലീസും ആരോഗ്യ വിഭാഗവും മാർക്കറ്റ് അടയ്ക്കുകയായിരുന്നു.

നിർദേശം പാലിക്കണമെന്ന് ആർആർടി

ചോറോട് പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും കോവിഡ് 19 റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അധികൃതരുടെ നിർദേശം ജനങ്ങൾ കർശനമായി പാലിക്കണമെന്ന് പഞ്ചായത്ത് ദ്രുത കർമ സംഘം (ആർആർടി). കടകൾ വൈകിട്ട് 7 വരെ മാത്രമേ തുറക്കാവൂ. കൈ കഴുകാനുള്ള കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കാൻ ക്ലബുകളോടും സ്ഥാപനങ്ങളോടും സംഘടനകളോടും ആവശ്യപ്പെട്ടു.

മാസ്ക് ധരിക്കാതെയും അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവർക്ക് എതിരെയും കൂട്ടം ചേരുന്നവർക്ക് എതിരെയും കർശന നടപടി സ്വീകരിക്കും. പഞ്ചായത്ത് പ്രസിഡന്റ് വിജില അമ്പലത്തിൽ, മെഡിക്കൽ ഓഫിസർ ഡെയ്സി ഗോരെ, സെക്രട്ടറി എന്നിവർ പങ്കെടുത്തു.

കുന്നുമ്മൽ പഞ്ചായത്തിൽ നിയന്ത്രണം

കക്കട്ടിൽ∙ സമീപ പഞ്ചായത്തുകളിൽ കോവിഡ് സമൂഹ വ്യാപനം വർധിച്ചതോടെ പഞ്ചായത്ത് പരിധിയിൽ ഒരാഴ്ചത്തേക്ക് അവശ്യ സർവീസുകൾ മാത്രമേ ഉണ്ടാകൂ എന്ന് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും, വ്യാപാരി സംഘടനാ പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. കടകൾ 8 മുതൽ 5 വരെ മാത്രമേ പ്രവർത്തിക്കൂ. മെഡിക്കൽ ഷോപ്പുകൾ രാത്രി 9 വരെ പ്രവർത്തിക്കും. ഹോട്ടലുകളിൽ പാർസൽ മാത്രമാകും. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ അധ്യക്ഷത വഹിച്ചു. രാധിക ചിറയിൽ, വി.വിജിലേഷ്, സി.പി.സജിത, റീന സുരേഷ് എന്നിവർ പ്രസംഗിച്ചു.

വാണിമേലിൽ കണ്ടെയ്ൻമെന്റ് സോൺ കൂടി

വെള്ളിയോട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വാണിമേൽ പഞ്ചായത്തിലെ 5, 6 വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഒന്നാം ‌വാർഡിൽ മറ്റൊരാൾക്കും രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പോസിറ്റീവ് ആയെങ്കിലും പിന്നീട് നെഗറ്റീവായ നാദാപുരം ഇയ്യങ്കോട് സ്വദേശിയുമായി ഇയാൾ സമ്പർക്കം പുലർത്തിയിരുന്നു.

Related Articles

Leave a Reply

Back to top button