കൊയിലാണ്ടി ടൗൺ ഭാഗികമായി അടച്ചു

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടി ടൗൺ ഇന്നുമുതൽ ഭാഗികമായി അടച്ചു. കൊയിലാണ്ടി നഗരത്തിലെ നടേലക്കണ്ടി വാർഡ് (വാർഡ് 32) പൂർണമായും അടച്ചു. നടേലക്കണ്ടി വാർഡ് കണ്ടെയ്ൻമെന്റ് സോണാക്കി മാറ്റിയതിന്റെ ഭാഗമായി മാർക്കറ്റ് മുതൽ കെ ഡി സി ബാങ്ക്, ബപ്പൻകാട് ഗേറ്റുവരെയുള്ള ഭാഗം ഇന്ന് (തിങ്കളാഴ്ച) മുതൽ അടച്ചിടും. അവശ്യസർവീസ് വിഭാഗത്തിൽപ്പെടുന്ന ഓഫീസുകൾ മാത്രമേ തുറക്കാൻ അനുവദിക്കൂ. മെഡിക്കൽഷാപ്പുകൾ തുറക്കാം.
ചെങ്ങാട്ടുകാവ് പഞ്ചായത്തിലെ പതിനേഴാം വാർഡായ മാടാക്കരയിലും മൂടാടിയിലെ നാലാം വാർഡായ വീരവഞ്ചേരിയിലും നിയന്ത്രണമുണ്ട്. നാഷണൽ ഹൈവേ വഴി യാത്രചെയ്യുന്നവർ കണ്ടെയ്ൻമെൻറ് സോണിൽ ഒരിടത്തും നിർത്താൻ പാടില്ലെന്ന് കളക്ടർ അറിയിച്ചു.
കൊയിലാണ്ടിയിൽ നിന്നും കൊണ്ടോട്ടിയിലേക്ക് മത്സവുമായി പോയ ലോറി ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊണ്ടോട്ടി മത്സ്യ മൊത്ത വിതരണ മാർക്കറ്റ് അടച്ചു. താമരശ്ശേരിയിൽ നിന്നും കൊയിലാണ്ടിയിലേക്കുള്ള സ്വകാര്യ ബസ്സുകൾ പലതും സർവീസ് നിർത്തി. ചുരുക്കം ചില ബസ്സുകൾ ഉള്ളിയേരി വരെയും, ചിലത് ബാലുശ്ശേരി വരെയും മാത്രം സർവ്വീസ് നടത്തുന്നുണ്ട്.






