Kozhikode

കർഷക ജനത വൻ പ്രക്ഷോഭത്തിലേക്ക്∙ ‘കർഷക പടപ്പുറപ്പാട്’ 28,29 തിയതികളിൽ

കോഴിക്കോട്: മലബാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായി ആയിരക്കണക്കിന് ഏക്കർ കൃഷിസ്ഥലം പരിസ്ഥിതിലോല മേഖലയാക്കി കര്‍ഷകരെ കുടിയിറക്കാനുള്ള ഗൂഢനീക്കത്തിനെതിരെ മലയോര കർഷകർ വൻ പ്രക്ഷോഭത്തിന് തയാറെടുക്കുന്നു. വന്യജീവി സംരക്ഷണ നിയമ വ്യവസ്ഥ പാലിക്കാതെ കുറുക്കുവഴിയിലൂടെ കൊണ്ടുവരുന്ന വന്യജീവി സങ്കേതം യാഥാർഥ്യമായാൽ കോഴിക്കോട്, വയനാട് ജില്ലകളിലെ ചെമ്പനോട, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, പേരാമ്പ്ര, കൂരാച്ചുണ്ട്, കാന്തലാട്, പുതുപ്പാടി, കെടവൂർ, കട്ടിപ്പാറ, തരിയോട്, പൊഴുതന, അച്ചൂരാനം, കുന്നത്തിനാട് എന്നീ 13 വില്ലേജുകളിലെ ജനജീവിതം ദുസ്സഹമാകും.

വനാതിർത്തി നിശ്ചയിക്കാൻ സുപ്രീംകോടതി സംസ്ഥാനങ്ങൾക്ക് നൽകിയ അധികാരം ഉപയോഗിച്ച് കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും ഒഴിവാക്കി ബഫർ സോൺ വനാതിർത്തിക്കുള്ളിൽ തന്നെ നിലനിർത്തണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു. ഗാഡ്ഗിൽ, കസ്തൂരിരംഗൻ വിഷയങ്ങളിൽ സംസ്ഥാന സർക്കാർ പുതുതായി നൽകിയ റിപ്പോർട്ടിലെ ശുപാർശകൾ 93 വില്ലേജുകളിലെ താമസക്കാരെ പ്രതികൂലമായി ബാധിക്കുന്നതാണ്. ഈ നിർദേശം അംഗീകരിക്കപ്പെട്ടാൽ തലമുറകളായി കൈവശംവച്ച് കൃഷിചെയ്തു വരുന്ന പട്ടയഭൂമിയിൽനിന്ന് പതിനായിരക്കണക്കിനു കുടുംബങ്ങൾ കുടിയിറക്കപ്പെടുന്ന ഗുരുതര സാഹചര്യം സംജാതമാകും.

വനംവകുപ്പിന്റെ അനാസ്ഥയും വന്യമൃഗ ശല്യവുംകൊണ്ട് കർഷകർ പൊറുതിമുട്ടിയിരിക്കുന്നു. അധ്വാനിച്ചുണ്ടാക്കിയ കാർഷിക വിളകൾ വന്യജീവികൾ നശിപ്പിക്കുന്നത് നിസ്സഹായരായി നോക്കിനിൽക്കാനെ കർഷകസമൂഹത്തിന് കഴിയുന്നുള്ളൂ. വിലങ്ങാട്, പുതുപ്പാടി തുടങ്ങിയ പ്രദേശങ്ങളിൽ കൈവശഭൂമിക്ക് കരം സ്വീകരിക്കാതെ, വാസാവകാശം നിഷേധിച്ച് റവന്യൂ ഭൂമി വനഭൂമിയാക്കാനുള്ള ഗൂഢശ്രമവും നടക്കുന്നു. തലമുറകളായി കൈവശംവച്ച് കൃഷിചെയ്തു താമസിച്ചുവരുന്ന പട്ടയഭൂമിയിൽനിന്ന് കുടിയിറക്കപ്പെടുമെന്ന ആശങ്ക ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉറക്കംകെടുത്തിയിരിക്കുന്നു. തങ്ങളുടെ ജീവനും സ്വത്തും നിലനിൽപും സംരക്ഷിക്കാൻ പോരാട്ട വീഥിയിലേക്ക് ഇറങ്ങാനും പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടുപോകാനും മലയോര ജനത നിർബന്ധിതരായിരിക്കുകയാണ്.

മേഖലയിലെ മുഴുവൻ കർഷക സംഘടനകളും സാമൂഹിക പ്രസ്ഥാനങ്ങളും ഒന്നുചേർന്ന് ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിൽ രൂപംനൽകിയ കർഷക രക്ഷാ സമിതിയാണ് പ്രക്ഷോഭപരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്. സമരപരമ്പരകളുടെ ആദ്യഭാഗമായി ഈ മാസം 28നും 29നും ‘അതിജീവനത്തിനായുള്ള കർഷക പടപ്പുറപ്പാട്’ എന്ന പേരിൽ വൻ പ്രതിഷേധയാത്ര സംഘടിപ്പിക്കുന്നു. ബിഷപ് റെമീജിയോസ് നയിക്കുന്ന യാത്ര 28ന് പൂഴിത്തോട്ടിൽനിന്ന് ആരംഭിച്ച് ചെമ്പനോട, മുതുകാട്, ചക്കിട്ടപ്പാറ, നരിനട, കൂരാച്ചുണ്ട്, കല്ലാനോട്, കരിയത്തുംപാറ, കക്കയം, തലയാട്, കട്ടിപ്പാറ, ചമൽ, ഈങ്ങാപ്പുഴ, പുതുപ്പാടി, മൈലള്ളാംപാറ, കണ്ണപ്പൻകുണ്ട് എന്നീ കേന്ദ്രങ്ങളിലൂടെ കടന്ന് 29ന് അടിവാരത്ത് വൻ പ്രതിഷേധ സംഗമത്തോടെ സമാപിക്കും. വയനാട്ടിലെ പൊഴുതനയിൽനിന്ന് ആരംഭിക്കുന്ന പ്രതിഷേധ ജാഥയും ഇതേസമയം അടിവാരത്ത് എത്തിച്ചേരും.

‘കർഷക പടപ്പുറപ്പാട്’ പ്രക്ഷോഭ പരിപാടികൾക്ക് രൂപംനൽകാൻ ചേർന്ന യോഗത്തിൽ ബിഷപ് റെമീജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ചു. ഡോ.ചാക്കോ കാളംപറമ്പിൽ വിഷയാവാതരണം നടത്തി. സമര പരിപാടികൾക്ക് നേതൃത്വം നൽകുന്നതിന് ബിഷപ് റെമീജിയോസ് ഇഞ്ചനാനിയിൽ (രക്ഷാധികാരി), ഫാ. ബെന്നി മുണ്ടനാട്ട് (ജനറൽ കോഓർഡിനേറ്റർ), ഡോ. ചാക്കോ കാളംപറമ്പിൽ (ജനറൽ കൺവീനർ), ബെന്നി ലൂക്കോസ് (സെക്രട്ടറി), ജോയി കണ്ണൻചിറ (ട്രഷറർ), ഫാ. ജോസ് പെണ്ണാപറമ്പിൽ, പി.എം.ജോയി, ഒ.ഡി.തോമസ്, ബേബി പെരുമാലിൽ, അഡ്വ. ബിജു കണ്ണന്തറ, ടെന്നിസൺ ചാത്തംകണ്ടം, രാജു തുരുത്തിപ്പള്ളി, ഷിനോയി അടയ്ക്കാപ്പാറ, ജോസുകുട്ടി കാഞ്ഞിരക്കാട്ടുതൊട്ടിയിൽ, ബേബി കാപ്പുകാട്ടിൽ, വിശാഖ് തോമസ്, ജിന്റോ ജയിംസ് എന്നിവരടങ്ങുന്ന ഏകോപന സമിതിക്ക് രൂപം നൽകി.

പതിനായിരങ്ങളെ സർവവും നഷ്ടപ്പെടുത്തി വഴിയാധാരമാക്കുന്ന സർക്കാർ നീക്കത്തിനെതിരെ വൻ പ്രതിഷേധമാണ് മലയോരമേഖലയിൽ അലയടിക്കുന്നത്.

Related Articles

Leave a Reply

Back to top button