Kozhikode

മുത്തേരിയില്‍ വയോധികയെ പീഡിപ്പിക്കുകയും കവർച്ച നടത്തുകയും ചെയ്ത കേസിൽ റിമാന്റിൽ കഴിയവേ രക്ഷപെട്ട പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി

കോഴിക്കോട്: മുക്കം മുത്തേരിയില്‍ വയോധികയെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയും ആഭരണവും പണവും കവരുകയും ചെയ്ത കേസിലെ പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. കൊണ്ടോട്ടി നെടിയിരുപ്പ് കാവുങ്ങല്‍ നമ്പില്ലത്ത് വീട്ടില്‍ മുജീബ്റഹ്മാന്‍ ആണ് കോഴിക്കോട് ജില്ലാ ജയിലിൽ നിന്നും രക്ഷപ്പെട്ടത്.

കഴിഞ്ഞ ജൂലൈ രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഹോട്ടലില്‍ ജോലിക്ക് പോവുകയായിരുന്ന വയോധികയെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്യുകയായിരുന്നു. രണ്ടാഴ്ചത്തെ അന്വേഷണത്തിനൊടുവിലാണ് താമരശ്ശേരി ഡി വൈ എസ് പി യുടെ നേതൃത്വത്തലുള്ള ക്രൈം സ്‌ക്വാഡ് പ്രതിയെ പിടികൂടിയത്. മഞ്ചേരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലും മുക്കം മോഡലില്‍ കവര്‍ച്ച നടത്തിയതായി പ്രതി മൊഴി നല്‍കിയിരുന്നു.

റിമാന്റിലായ പ്രതിയെ മഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങി വീണ്ടും റിമാന്റ് ചെയ്യുന്നതിന്റെ മുന്നോടിയായുള്ള കോവിഡ് പരിശോധനക്ക് എത്തിച്ചപ്പോഴാണ് പ്രതി ഓടി രക്ഷപ്പെട്ടത്. ഇന്നലെ രാത്രി എട്ടരയോടെ ഈസ്റ്റ് ഹില്ലിലെ ജില്ലാ ജയില്‍ ക്വൊറന്റെയിന്‍ കേന്ദ്രത്തിൽ വച്ചാണ് പ്രതി പോലീസിനെ കബളിപ്പിച്ച് കടന്നു കളഞ്ഞത്.

പ്രതി കര്‍ണാടകയിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ പോലീസ് കര്‍ശന പരിശോധന ആരംഭിച്ചു. മോഷണം, പിടിച്ച്പറി, കഞ്ചാവ് കടത്തൽ തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതി കൂടിയായ ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണ്.

Related Articles

Leave a Reply

Back to top button