Kerala

കെ.എസ്.ആര്‍.ടി.സിയില്‍ യാത്രക്കാര്‍ കുറയുന്നു; ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ടിക്കറ്റ് നിരക്ക് കുറയ്‌ക്കുന്നതിന് ഡയറക്‌ടര്‍ ബോര്‍ഡിന്‍റെ അംഗീകാരം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ സൂപ്പര്‍ ഫാസ‌്റ്റ് മുതല്‍ മുകളിലേക്കുളള സര്‍വീസുകളില്‍ ടിക്കറ്റ് നിരക്ക് കുറയ്‌ക്കുന്നു. ടിക്കറ്റ് ചാര്‍ജ് കൂടുതലായതിനാല്‍ യാത്രക്കാര്‍ കുറയുന്നതാണ് ടിക്കറ്റ് നിരക്ക് കുറയ്‌ക്കാന്‍ കാരണമെന്നാണ് വിവരം.  ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പഴയ ടിക്കറ്റ് നിരക്ക് തന്നെ യാത്രക്കാരില്‍ നിന്ന് ഈടാക്കാനാണ് തീരുമാനം. ഇതിന് കെ.എസ്.ആര്‍.ടി.സി ഡയറക്‌ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി.

കൊവിഡ് മഹാമാരി കാരണം പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സിയില്‍ യാത്രക്കാര്‍ കൂടുന്ന പക്ഷം ഫാസ്റ്റ് ഉള്‍പ്പടെയുളള മറ്റ് സര്‍വീസുകള്‍ക്ക് പഴയ നിരക്കു തന്നെ ഏര്‍പ്പെടുത്താനും തീരുമാനമെടുത്തിട്ടുണ്ട്. ഫാസ്റ്റും അതിനുമുകളിലേക്കുളള സര്‍വീസുകളും ഒഴികെയുളളവയ്ക്ക് എട്ട് രൂപ മിനിമം നിരക്കിനുള്ള യാത്ര 5 കിലോമീറ്ററില്‍ നിന്നും രണ്ടര കിലോമീറ്ററായി ചുരുക്കിയിരുന്നു. 5 കിലോമീറ്റര്‍ യാത്രയ്ക്ക് 10 രൂപയായിരുന്നു ഈടാക്കിയിരുന്നത്. ഇത് യാത്രക്കാരുടെ എണ്ണം കുറയാന്‍ കാരണമാക്കിയിട്ടുണ്ടെന്നാണ് കെ.എസ്.ആര്‍.ടി.സിയടെ നിഗമനം.

ആവശ്യത്തിന് ദീര്‍ഘദൂര ബസുകള്‍ സംസ്ഥാനത്തുടനീളം സര്‍വീസ് നടത്തുന്നുണ്ടെങ്കിലും കൊവിഡ് മൂലം യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകുന്നുണ്ട്. ചൊവ്വ, ബുധന്‍,വ്യാഴം ദിവസങ്ങളില്‍ പകുതി യാത്രക്കാരെപ്പോലും കിട്ടുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് സൂപ്പര്‍ ക്ലാസ് ബസുകളില്‍ മിനിമം നിരക്കിലും കിലോമീറ്റര്‍ നിരക്കിലും 25 മുതല്‍ 30 ശതമാനം വരെ വര്‍ദ്ധനവുണ്ടായിരുന്നു.

സൂപ്പര്‍ എയര്‍ എക്‌സ്‌പ്രസ്, സ്‌കാനിയ, എ.സി ഹൈ ടെക്ക്, സൂപ്പര്‍ ഡീലക്‌സ്, വോള്‍വോ, ലോ ഫ്‌ളോര്‍ ബസുകളുടെ നിരക്കാണ് വര്‍ദ്ധിപ്പിച്ചത്. നിരക്കിലെ പുതിയ മാറ്റങ്ങള്‍ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനുളള ഒരു പരീക്ഷണമാണെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകര്‍ പറഞ്ഞു.

Related Articles

Leave a Reply

Back to top button