വോട്ടെണ്ണല്‍; കോഴിക്കോട് ജില്ലയില്‍ 20 കേന്ദ്രങ്ങള്‍

കോഴിക്കോട്: ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഡിസംബര്‍ 16ന് ബൂധനാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. ആദ്യ ഫല സൂചനകള്‍ രാവിലെ 8.15 മുതല്‍ ലഭിച്ച് തുടങ്ങും. ഒന്‍പത് മണിയോടെ കുറവ് വാര്‍ഡുകളുള്ള പഞ്ചായത്തുകളുടെ ഫലം പുറത്തുവരും. ഉച്ചയോടെ മുഴുവന്‍ പഞ്ചായത്തുകളുടെയും ഫലം ലഭ്യമാകും. 20 കേന്ദ്രങ്ങളിലായി നടക്കുന്ന വോട്ടെണ്ണലില്‍ 1500 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണുക. എട്ട് ബൂത്തിന് ഒരു ടേബിള്‍ എന്ന നിലയിലാണ് വോട്ടെണ്ണാന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. വോട്ടെണ്ണല്‍ നില ട്രെന്‍ഡ് അപ്ലിക്കേഷനിലേക്ക് നല്‍കുന്നതിന് ടെക്നിക്കല്‍ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.
കൗണ്ടിങ് ഉദ്യോഗസ്ഥര്‍, ഡ്യൂട്ടിയിലുള്ള റിട്ടേണിങ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, സംസ്ഥാന ഇലക്ഷന് കമ്മീഷന് പാസ് അനുവദിച്ചിട്ടുള്ള ഫോട്ടോഗ്രാഫര്‍, വീഡിയോഗ്രാഫര്‍, സ്ഥാനാര്‍ഥികള്‍, കൗണ്ടിങ് പാസ് ലഭിച്ച ഏജന്റ്മാര്‍ എന്നിവര്‍ക്കാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനം ഉണ്ടാവുക. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ത്തീകരിക്കുക.
20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
ജില്ലയില്‍ ആകെ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജമാക്കിയത്. 12 ബ്ലോക്ക് പഞ്ചായത്ത്, ഏഴ് മുനിസിപ്പാലിറ്റി, ഒരു കോര്പ്പറേഷന് എന്നിവയ്ക്കായി ഓരോ കൗണ്‍സിലിംഗ് സെന്ററുകള്‍ വീതമാണ് ഒരുക്കിയിട്ടുള്ളത്. കോഴിക്കോട് കോര്‍പ്പറേഷന്റെ കൗണ്ടിംഗ് സെന്റര്‍ നടക്കാവ് ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളാണ്. രാമനാട്ടുകര മുന്‍സിപ്പാലിറ്റി-ഫറോക്ക് കോളേജ് ഓഡിറ്റോറിയം. മുക്കം മുന്‍സിപ്പാലിറ്റി – നീലേശ്വരം ഗവ ഹയര്‍ സെക്കന്ററി സ്കൂള്‍, ഫറോക്ക് മുന്‍സിപ്പാലിറ്റി – ഫറോക്ക് മുസിപ്പല്‍ ടൗണ്‍ ഹാള്‍, കൊയിലാണ്ടി നഗരസഭ – കൊയിലാണ്ടി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പയ്യോളി നഗരസഭ – ടെക്നിക്കല്‍ സ്കൂള്‍ പയ്യോളി, വടകര മുനിസിപ്പാലിറ്റി – വടകര ടൗണ്‍ഹാള്‍, കൊടുവള്ളി നഗരസഭ- കൊടുവള്ളി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍.
ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളുടെ കൗണ്ടിംഗ് സെന്റര്‍ ബാലുശ്ശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് – വെസ്റ്റ് ഹില്‍ ഗവണ്മെന്റ് പോളിടെക്നിക് കോളേജ്, കുന്ദമംഗലം ബ്ലോക്ക് – മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, കോഴിക്കോട് ബ്ലോക്ക് – സാമൂതിരി ഹയര്‍ സെക്കന്ററി സ്കൂള്‍, പേരാമ്പ്ര ബ്ലോക്ക് – പേരാമ്പ്ര സി കെ ജി മെമ്മോറിയല്‍ ഗവണ്മെന്റ് കോളേജ്, തോടന്നൂര്‍ ബ്ലോക്ക്- സെന്റ് ആന്റണീസ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വടകര, മേലടി ബ്ലോക്ക് – ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പയ്യോളി, പന്തലായനി ബ്ലോക്ക് – ഗവണ്മെന്റ് മാപ്പിള വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കൊയിലാണ്ടി, വടകര ബ്ലോക്ക് – മടപ്പള്ളി കോളേജ്. തൂണേരി ബ്ലോക്ക് – പുറമേരി കടത്തനാട് രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, കുന്നുമ്മല്‍ ബ്ലോക്ക് – വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, കൊടുവള്ളി ബ്ലോക്ക് -കൊടുവള്ളി കെ.എം.ഒ ഹയര്‍ സെക്കണ്ടറി സ്കൂള്‍.







