Kerala

മീനങ്ങാടിയില്‍ സിനിമാ സ്‌റ്റൈല്‍ രംഗങ്ങള്‍; നാട്ടുകാര്‍ നോക്കി നില്‍ക്കേ കാറിന് നേരെ ആക്രമണം

മീനങ്ങാടി : കൃഷ്ണഗിരി പാതിരിപ്പാലത്ത് പട്ടാപകല്‍ ഓടുന്ന കാറിന് വിലങ്ങനെ മിനിലോറി ഓടിച്ചു കയറ്റി ഗുണ്ടാവിളയാട്ടം. പാതിരിപ്പാലത്ത് പുതുതായി പണിയുന്ന പാലത്തിലേക്ക് കയറ്റിയിട്ട ഐഷര്‍ മിനിലോറി മൈസൂരില്‍ നിന്നും വരികയായിരുന്ന കാറിന് വിലങ്ങനെയിറക്കുകയും, പലയിടങ്ങളിലായി മറഞ്ഞിരുന്ന ക്വട്ടേഷന്‍ സംഘം തടഞ്ഞിട്ട കാര്‍ ആക്രമിക്കുകയുമായിരുന്നു.

ഇന്നലെ രാവിലെയാണ് സംഭവം, മൈസൂര്‍ ഭാഗത്ത് നിന്നും സ്വര്‍ണ്ണം വിറ്റ വകയിലെന്ന് പറയപ്പെടുന്ന 25 ലക്ഷം രൂപയുമായി കാറില്‍ വരികയായിരുന്ന കോഴിക്കോട് വാവാട് കപ്പലാംകുടി ആഷിക്ക് (29), സഹയാത്രികന്‍ സലീം എന്നിവര്‍ സഞ്ചരിച്ച കാറാണ് ആക്രമിക്കപ്പെട്ടത്. ഐഷര്‍ ലോറിയുമായി ഇവരെ കാത്തിരുന്ന സംഘത്തിലുള്ളവര്‍ ഓടുന്ന കാറിന് വിലങ്ങനെ ലോറി യോടിച്ച് കയറ്റി തടഞ്ഞ ശേഷം ഇരുമ്പു പൈപ്പ് ഉപയോഗിച്ച്കാറിന്റെ ഗ്ലാസുകള്‍ തകര്‍ക്കുകയുമായിരുന്നു.

ഇതിനിടെ അക്രമികളില്‍ നിന്നും കാര്‍ പാലത്തിനോട് ചേര്‍ന്ന് കിടക്കുന്ന മുണ്ടനടപ്പ് റോഡിലേക്ക് അതിവേഗം ഓടിച്ച് കയറ്റി കാറിലുള്ളവര്‍ രക്ഷപ്പെടുകയായിരുന്നു.
സിനിമയില്‍ മാത്രം കണ്ട വില്ലന്‍ രംഗങ്ങള്‍ നേരില്‍ കണ്ടപ്പോള്‍ നാട്ടുകാര്‍ ഒന്നു പകച്ചെങ്കിലും പിന്നീട് അക്രമികള്‍ക്ക് നേരെ ഓടിയടുത്തതിനാല്‍ അക്രമികളും തങ്ങളുടെ വാഹനത്തില്‍ നാട്ടുകാര്‍ക്ക് പിടികൊടുക്കാതെ കടന്നു കളഞ്ഞു. ഐഷര്‍ ലോറി കൂടാതെ കാറിന് പുറകിലായി ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച മറ്റ് രണ്ട് കാറുകളും, ഒരു ട്രാവലറും സംഭവത്തിന് ശേഷം സ്ഥലത്തു നിന്നും കടന്നു കളഞ്ഞു.

അക്രമം നടന്ന സ്ഥലത്ത് നിന്നും മുണ്ടനടപ്പ് കോളനിക്ക് സമീപമെത്തിയ ആഷിക്കും, സലീമും പിന്നീട് പാതിരി എസ്‌റ്റേറ്റിലേക്ക് ഓടിക്കയറുകയായിരുന്നെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തിരികെ വന്ന് വാഹനം എടുക്കാനുള്ള ശ്രമത്തിനിടെ ആഷിക്കിനെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയും മീനങ്ങാടി പൊലിസിനെ വിവരമറിയിക്കുകമായിരുന്നു.
വാഹനം തകര്‍ത്തതുമായി ബന്ധപ്പെട്ട് ആഷിക്കിന്റെ പരാതിയിന്‍മേല്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

അക്രമിക്കപ്പെടാനുള്ള സാഹചര്യം എന്താണെന്നും, കുഴല്‍പ്പണമിടപാടോ മറ്റെന്തെങ്കിലും വിഷയങ്ങള്‍ ഇതുമായിട്ടുണ്ടോ എന്നും തുടരന്വേഷണത്തിലെ മനസ്സിലാക്കാന്‍ കഴിയുവെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.എന്തായാലും സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നതിനാല്‍ പോലീസിന് വാഹനങ്ങള്‍ വേഗം പിടികൂടാന്‍ കഴിയുമെന്നാണ് വിശ്വാസം.

Related Articles

Leave a Reply

Back to top button