കാത്തിരിപ്പിന് വിരാമം; കൈതപോയിൽ-അഗസ്ത്യൻമുഴി റോഡ് ടാറിങ് പ്രവർത്തി നാളെ ആരംഭിക്കും

തിരുവമ്പാടി: രണ്ട് വർഷത്തോളമായി മന്ദഗതിയിൽ നീങ്ങിയിരുന്ന കൈതപോയിൽ-അഗസ്ത്യൻമുഴി റോഡിന്റെ നിർമ്മാണം പൂർണതയിലേക്ക് എത്തുന്നു.
നിലവിൽ പ്രവർത്തികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന റോഡിന്റെ ടാറിങ് പ്രവർത്തി നാളെ മുതൽ ആരംഭിക്കും.
തിരുവമ്പാടി വില്ലേജ് ഓഫീസ് മുതൽ സിലോം കടവ് പാലം വരെയുള്ള രണ്ടര കിലോമീറ്ററും, കൈതപോയിൽ ഭാഗത്ത് ഒരു കിലോമീറ്ററും ഉൾപെടുത്തി മൂന്നര കിലോമീറ്റർ ദൂരമാണ് ആദ്യ ഘട്ടത്തിൽ ടാറിങ് നടത്തുന്നത്. ആദ്യ ഘട്ടം പൂർത്തിയാകുന്നതോടെ വരും ദിവസങ്ങളിൽ ഘട്ടം ഘട്ടമായി ടാറിങ് പ്രവർത്തി പൂർത്തീകരിക്കും.
നിലവിൽ ബി എം എം സി നിലവാരത്തിൽ ടാറിങ് നടത്തിയിരിക്കുന്ന തിരുവമ്പാടി ടൗൺ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ റീടാറിങ്ങും മറ്റിടങ്ങളിൽ പദ്ധതിയിൽ നിഷ്ക്കർഷിച്ചിട്ടുള്ള നിലവാരത്തിലുള്ള ടാറിങ്ങുമാണ് നടക്കുക. തങ്ങൾക്ക് പൂർണമായും വിട്ടുകിട്ടിയിട്ടുള്ള പദ്ധതിയിലെ റോഡിന്റെ പ്രവർത്തി 2021 മാർച്ചോടെ പൂർണമായും പൂർത്തിയാക്കാൻ സാധിക്കുമെന്ന് കരാറുകാരായ നാഥ് കൺസ്ട്രക്ഷൻസ് അധികൃതർ തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.
ഗതാഗതനിയന്ത്രണം
ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ പുല്ലൂരാംപാറ, ആനക്കാംപൊയിൽ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ പുന്നയ്ക്കൽ റോഡിലൂടെ തിരിഞ്ഞു പോകേണ്ടതാണെന്നും, താഴെ തിരുവമ്പാടി ഭാഗങ്ങളിൽ ഗതാഗത തടസ്സം നേരിടാൻ സാധ്യതയുണ്ടെന്നും നാഥ് കൺസ്ട്രക്ഷൻസ് അധികൃതർ അറിയിച്ചു.







