അരിപ്പാറ ടൂറിസം വികസന പദ്ധതിയും, തൂക്കുപാലവും മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു

തിരുവമ്പാടി – അരിപ്പാറ വെള്ളച്ചാട്ടം ടൂറിസം വികസന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. പ്രാദേശിക വികസന സാധ്യതകൾ മുന്നിൽ കണ്ടുള്ള പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്നും നമ്മുടെ സാംസ്കാരിക പൈതൃകങ്ങളും കലകളും മുൻ നിർത്തിയുള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇരുവഞ്ഞിപ്പുഴയുടെ തീരത്തുള്ള അരിപ്പാറ വെള്ളച്ചാട്ടം വിദേശ-സ്വദേശി ടൂറിസ്റ്റുകളെ ഏറെ ആകർഷിക്കുന്ന പ്രദേശമാണ്.
കോടഞ്ചേരി-തിരുവമ്പാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രദേശത്ത് ഒരു കോടി 92 ലക്ഷം രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്, 2 പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് 1.76 കോടി ചെലവിട്ട് നിർമിച്ച തൂക്കുപാലം, 8.76 ലക്ഷം രൂപയുടെ സെകരിറ്റി കാബിൻ, 7.58 ലക്ഷം രൂപയുടെ ശുചിമുറി ബ്ലോക്ക് എന്നിവയാണ് പൂർത്തിയാക്കിയത്. വെള്ളച്ചാട്ടത്തിലേക്കള്ള റോഡ്, സംരക്ഷണ വേലികൾ എന്നിവയുടെ എല്ലാം നവീകരണം നടന്നു വരുന്നു.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജോർജ് എം. തോമസ് എം എൽ എ, വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ പി.ബാലകിരൺ, പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, കലക്ടർ എസ്.സാംബശിവ റാവു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, പഞ്ചായത്ത് പ്രസിഡന്റുമാരായ അലക്സ് തോമസ്, മേഴ്സി പുളിക്കാട്ട്, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്
കെ.എ.അബ്ദുറഹ്മാൻ, വിനോദ സഞ്ചാര വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ എസ്.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.







