യു കെ യിലെ കോടഞ്ചേരിക്കാരുടെ സന്മനസ്സിൽ പണിതീർത്ത വീടിന്റെ താക്കോൽ ദാനം നടത്തി

കോടഞ്ചേരി: യു കെയിലെ പ്രവാസി കോടഞ്ചേരിക്കാരുടെ സംഘടന പണി പൂർത്തീകരിച്ച മധുരത്തിൽപറമ്പിൽ ഇന്ദിരയുടെ വീടിന്റെ താക്കോൽ ദാനം ‘യു.കെ കോടഞ്ചേരിയൻ’സിനെ പ്രതിനിധീകരിച്ച് ബേബി അബ്രഹാം ഞള്ളിമാക്കൽ, ബേബി കണ്ടത്തിൻതൊടുകയിൽ എന്നിവർ ചേർന്ന് കൈമാറി.
കഴിഞ്ഞ പതിനഞ്ച് വർഷങ്ങളായി മുടങ്ങാതെ കോടഞ്ചേരിയിൽ ഉള്ള അർഹരായ കുടുംബങ്ങളെയും, ആളുകളെയും കണ്ടെത്തി പലവിധ അന്വേഷണങ്ങൾ നടത്തി ഏറ്റവും അർഹമായവർക്ക് കോടഞ്ചേരിയിൽ നിന്നും യു കെ യിൽ കുടിയേറിപാർത്ത കുടുംബങ്ങളുടെ കൂട്ടായ്മയായ ‘ യു കെ കോടഞ്ചേരിയൻസ്’ സഹായം നൽകിവരുന്നു. എല്ലാ വർഷവും നടത്താറുള്ള ‘കോടഞ്ചേരി സംഗമ’ത്തിലാണ് തീരുമാനങ്ങൾ എടുക്കാറ്.
ഇത്തവണ കോവിഡ് പടർന്നുപിടിച്ച സാഹചര്യത്തിൽ കോടഞ്ചേരി സംഗമം മുടങ്ങി പോയെങ്കിലും, പിറന്ന നാടിന് നൽകിപോന്നിരുന്ന സഹായം തെറ്റിക്കുവാൻ ആർക്കും മനസ്സുവന്നില്ല. നിരവധി സഹായ അഭ്യർത്ഥനകൾ പലവഴി വന്നെങ്കിലും ഏറ്റവും അർഹരായ കുടുംബത്തിനെ കണ്ടെത്തി ഒരു വീടുണ്ടാക്കി കൊടുക്കാനാണ് ഈ പ്രവാസി കൂട്ടായ്മ തീരുമാനിച്ചത്. കുട്ടികൾ അടക്കം മിച്ചം പിടിച്ച പൈസ മാതാപിതാക്കളുടെ പാത പിന്തുടർന്ന് ഈ നല്ല കാര്യത്തിനായി സംഭാവന ചെയ്തു. വീടിന്റെ പ്രവർത്തിയുടെ ഓരോ ഘട്ടത്തിലും ആവശ്യമായ തുക കൃത്യ സമയത്ത് അയച്ചുകൊടുത്തുകൊണ്ടിരുന്നതിനാൽ വിചാരിച്ച സമയത്തുതന്നെ ഭംഗിയായി ഈ ഭവന നിർമാണം പൂർത്തിയാക്കാൻ സാധിച്ചു.
നവംബറിൽ തുടങ്ങിയ പണി ഫെബ്രുവരി മാസം പൂർത്തിയാക്കാൻ കഴിഞ്ഞത് അഭിമാന നേട്ടമാണ് ഇപ്പോൾ യു കെയിലെ കോടഞ്ചേരിക്കാർക്ക്.ഇപ്പോൾ നാട്ടിലുള്ള ബേബി എബ്രഹാം ഞള്ളിമാക്കൽ യുകെയിലെ കോടഞ്ചേരിക്കാരെ പ്രതിനിധീകരിച്ച് ഈ അഭിമാന പദ്ധതിയുടെ അവിസ്മരണീയ മുഹൂർത്തത്തിൽ പങ്കെടുത്ത് താക്കോൽ ദാനം നിർവഹിച്ചു.
ഈ പദ്ധതി ആദ്യാവസാനം മേൽനോട്ടം നടത്തി യാഥാർത്ഥ്യമാക്കിയ കോടഞ്ചേരിയിലെ പൊതുസമ്മതരായ സാമൂഹ്യപ്രവർത്തകർക്ക് ബേബി അബ്രഹാം യുകെയിലെ കോടഞ്ചേരിക്കാരുടെ പേരിൽ നന്ദിപറഞ്ഞു ഭവന നിർമാണ കമ്മറ്റി പ്രസിഡന്റ് തോമസ് മൂഴിക്കച്ചാലിൽ, സെക്രെട്ടറി തോമസ് കുമ്പപ്പള്ളി,സെബാസ്റ്റ്യൻ വാമറ്റത്തിൽ, ബേബി പുത്തൻവീട്ടിൽ എന്നിവർ സംസാരിച്ചു.







