മടങ്ങിയെത്താൻ മുസ്ലീംലീഗ് നേതൃത്വവുമായി ചർച്ച നടത്തിയെന്ന് കാരാട്ട് റസാഖ്, വാർത്ത അടിസ്ഥാന രഹിതമെന്ന് മുസ്ലിം ലീഗ്

കോഴിക്കോട്: മുസ്ലീംലീഗിലേക്ക് തന്നെ മടക്കി കൊണ്ടുപോകുന്നതിനായി ലീഗ് സംസ്ഥാന നേതാക്കൾ ചര്‍ച്ച നടത്തിയെന്ന് കൊടുവള്ളിയിലെ ഇടത് സ്വതന്ത്ര എം എൽ എ കാരാട്ട് റസാഖ്. കോൺഗ്രസ് നേതാക്കളാണ് ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തതെന്നും ഈ മാസം ആറിന് കോഴിക്കോട് വച്ചായിരുന്നു ചര്‍ച്ചയെന്നും എം എൽ എ വെളിപ്പെടുത്തി.
സംസ്ഥാന നേത്യത്വവുമായി ചര്‍ച്ച നടത്തുമ്പോഴും പാർട്ടി ജില്ലാ- പ്രാദേശിക നേത്യത്വങ്ങള്‍ എതിരായതിനാല്‍ ലീഗിലേക്ക് ഇനിയൊരു മടങ്ങിപോക്കുണ്ടാകില്ലെന്നും ചർച്ചയുടെ ഉള്ളടക്കത്തെ സംബന്ധിച്ച് എല്‍ ഡി എഫ് നേത്യത്വത്തെ അറിയിച്ചിട്ടുണ്ടെന്നും എം എൽ എ കൂട്ടിച്ചേർത്തു.
എന്നാൽ കാരാട്ട് റസാഖുമായി ചർച്ച നടത്തിയെന്ന വാർത്തയ്ക്കെതിരെ മുസ്ലിംലീഗ് രംഗത്തെത്തി. കാരാട്ട് റസാഖുമായി മുസ്ലിംലീഗ് നേതൃത്വം ഒരു തരത്തിലുള്ള ചർച്ചയും നടത്തിയിട്ടില്ലെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ പി എ മജീദ് അറിയിച്ചു. വാർത്ത തീർത്തും അടിസ്ഥാനരഹിതമാണെന്നും കാരാട്ട് റസാഖുമായി യാതൊരുവിധ ചർച്ചയും കുഞ്ഞാലിക്കുട്ടിയോ താനോ എവിടെവെച്ചും നടത്തിയിട്ടില്ലെന്നും അങ്ങനെ ചർച്ച നടത്തേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും കെ പി എ മജീദ് പറഞ്ഞു.







