കർഷകരെ കുടിയിറക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക; ബോസ് ജേക്കബ്

തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളിൽ കൃഷിക്കാരുടെ കൈവശഭൂമി ഫോസ്റ്റ് ഡിപ്പാർട്ട്മെൻ്റ് കൈയ്യേറി ജണ്ട കെട്ടുന്ന നടപടി അവസാനിപ്പിക്കണമെന്ന് കോടഞ്ചേരി ഡിവിഷൻ ജില്ലാപഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ആവശ്യപ്പെട്ടു.
തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പൻപുഴ, കോടഞ്ചേരി പഞ്ചായത്തിലെ കുണ്ടൻതോട്, കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിൽ പ്രദേശങ്ങളിലാണ് സർക്കാരിൻ്റെ ഒത്താശയോടെ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് കർഷകരെ കുടിയിറക്കാൻ ശ്രമിക്കുന്നത്.
1960 കാലഘട്ടം മുതൽ കൈവശം വച്ച് കൃഷി ചെയ്ത്, വീട് വച്ച് താമസിക്കുന്ന കർഷകർക്ക് 1972 ൽ പട്ടയം ലഭിച്ചിട്ടുണ്ട് ആധാരവും, നികുതി ശീട്ടും ഉൾപ്പെടെ ഭൂമിസംബന്ധമായ മുഴുവൻ രേഖകളും സഹിതമാണ് കർഷകർ താമസിക്കുന്നത്. റവന്യുഡിപ്പാർട്ട്മെൻ്റിൻ്റെയും, പഞ്ചായത്തിൻ്റെയും മുഴുവൻ രേഖകളും ഉള്ള കൃഷിക്കാരുടെ ഭൂമി കഴിഞ്ഞ നാലരവർഷമായി ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് അനധികൃതമായി അവകാശവാദങ്ങൾ ഉന്നയിച്ച് ജണ്ടയിട്ട് പിടിച്ചെടുക്കാൻ ശ്രമിക്കുകയാണ്. നിരവധി കൃഷിക്കാർ ഇതിനെതിരെ ഹൈക്കോടതിയേയും ട്രൈബൂണൽ കോടതിയേയും സമീപിക്കുകയും അനുകൂലമായ ഉത്തരവ് നേടുകയും ചെയ്തിട്ടുണ്ട്.
കാർഷിക മേഖലയാകെ തകർന്ന് വന്യ ജീവികളുടെ അക്രമണം കൊണ്ട് പൊറുതിമുട്ടുന്ന കർഷകരെ അകാരണമായി കുടിയിറക്കുന്ന ഈ നടപടി നിർത്തി വെയ്ക്കണമെന്ന് മെമ്പർ ആവശ്യപ്പെടും. ഈ വിഷയത്തിൽ ഡി.എഫ്.ഒ യുമായി ചർച്ചക്ക് ചെന്നപ്പോൾ ഇത് സർക്കാർ തീരുമാനമാണെന്നും നടപ്പിലാക്കാതിരിക്കാൻ പറ്റില്ലാന്നുമാണ് ഡി.എഫ്.ഒ അറിയിച്ചത്.
ഈ സാഹചര്യത്തിൽ സർക്കാരും, എം.എൽ.എയും ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റും കർഷകരെ വഞ്ചിക്കുന്ന ഒളിച്ചുകളി അവസാനിപ്പിച്ച് കർഷകർക്കനുകൂലമായ ശരിയായ നിലപാട് സ്വീകരിക്കുവാൻ തയാറാവണമെന്നും കർഷകരെ കുടിയിറക്കാൻ ശ്രമിച്ചാൽ ബഹുജനപ്രക്ഷോഭം സംഘടിപ്പിച്ച് ശക്തമായി പ്രതിരോധിക്കുമെന്നും ജില്ലാപഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് പത്രക്കുറിപ്പിൽ പറഞ്ഞു.







