Mukkam

റോഡരികിൽ കക്കൂസ്‌മാലിന്യം തള്ളിയതായി പരാതി

കാരശ്ശേരി: റോഡരികിലെ തോട്ടിലേക്ക് കക്കൂസ്‌മാലിന്യം തള്ളിയതുമൂലം പ്രദേശവാസികൾ ദുരിതത്തിലായി.എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിലെ കറുത്തപറമ്പിലാണ് രാത്രി വാഹനത്തിൽ മാലിന്യംകൊണ്ടുവന്ന് വൻതോതിൽ തള്ളിയത്. റോഡരികിലേക്ക് തള്ളിയ മാലിന്യം സമീപത്തെ ഓവുങ്ങൽ തോട്ടിലേക്കാണ് ഒഴുകിയെത്തിയത്. പ്രദേശത്തെ ജലസ്രോതസ്സാണ് ഈ തോട്. ഇതിനടുത്തായി കുടിവെള്ളപദ്ധതിയുടെ പൈപ്പും കടന്നുപോകുന്നുണ്ട്.

മിനി ടാങ്കർലോറിയിലാണ് മാലിന്യംകൊണ്ടുവന്ന് തള്ളിയതെന്നാണ് സംശയം. ഏതാനുംവർഷമായി ഇവിടെ ഇടയ്ക്കിടെ മാലിന്യം തള്ളാറുണ്ട്. ഇതേത്തുടർന്ന് നാട്ടുകാർ കാവൽ ഇരിക്കാറുണ്ടായിരുന്നു. കഴിഞ്ഞവർഷം നടത്തിയ നിരീക്ഷണത്തിൽ മാലിന്യം തള്ളി കടന്നുകളഞ്ഞ ടാങ്കർലോറിയെ പിന്തുടർന്ന് നമ്പർ കണ്ടുപിടിച്ച് പോലീസിന് പരാതിനൽകിയിരുന്നു. വാഹനയുടമ മണ്ണാർക്കാട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. പക്ഷേ, ആളെ കണ്ടെത്താനായില്ല. മാലിന്യം തള്ളുന്നത് പതിവായ സാഹചര്യത്തിൽ പ്രദേശത്ത് സി.സി.ടി.വി. സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

കക്കൂസ് മാലിന്യം റോഡിലും വെള്ളത്തിലുമൊക്കെ തള്ളുന്ന സാമൂഹികവിരുദ്ധരുടെ പേരിൽ ശക്തമായ നടപടിയെടുക്കുമെന്ന് കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് അംഗം ഷാഹിന വലിയപറമ്പ് പറഞ്ഞു. അവർ സംഭവസ്ഥലം സന്ദർശിച്ചു

Related Articles

Leave a Reply

Back to top button