Kozhikode

ആഴക്കടലിൽ നിന്നു കൂറ്റൻ യന്ത്രഭാഗം; കമോവ് ഹെലികോപ്റ്ററിന്റെ എൻജിൻ, നാവികസേനയെത്തി

ബേപ്പൂർ ∙ മത്സ്യബന്ധന ബോട്ടുകാർക്ക് ആഴക്കടലിൽ നിന്നു ലഭിച്ച നാവികസേനാ ഹെലികോപ്റ്ററിന്റെ എൻജിൻ ഭാഗം സേനയുടെ കൊച്ചി യാർഡിലേക്കു കൊണ്ടുപോയി. ലഫ്റ്റനന്റ് കെ.വി. നിർമലിന്റെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥ സംഘമാണു കൂറ്റൻ യന്ത്രഭാഗം കൊണ്ടുപോയത്.

ഹാർബർ വാർഫിൽ സൂക്ഷിച്ചിരുന്ന യന്ത്രം ക്രെയിൻ ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണു സേനാവാഹനത്തിലേക്കു കയറ്റിയത്. നേവൽ എയർ ക്രാഫ്റ്റ് യാർഡിൽ എത്തിച്ച ശേഷം തുടർപരിശോധനകൾ നടത്തുമെന്ന് അധികൃതർ പറഞ്ഞു. 1984ൽ കോഴിക്കോട് പുറംകടലിൽ തകർന്നു വീണ  കമോവ് വിഭാഗം ഹെലികോപ്റ്ററിന്റെ യന്ത്ര ഭാഗമാണിതെന്നു തിരിച്ചറിഞ്ഞിരുന്നു.

കഴിഞ്ഞ 24ന് എലത്തൂരിനു പടിഞ്ഞാറ് 18 നോട്ടിക്കൽ മൈൽ അകലെയാണ് മത്സ്യബന്ധന ബോട്ടുകാർക്കു യന്ത്രഭാഗം ലഭിച്ചത്. യന്ത്രഭാഗങ്ങളിൽ റഷ്യൻ ഭാഷയിലുള്ള അടയാളപ്പെടുത്തലുകളും കമോവ് വിഭാഗം ഹെലികോപ്റ്ററിന്റെ റോട്ടറും ബ്ലെയ്ഡും കണ്ടെത്തിയിരുന്നു. തുടർന്നാണു നാവികസേനയെത്തി കൊണ്ടു പോയത്. നേവിയുടെ ഐഎൻഎസ് റാണ എന്ന കപ്പലിൽ നിന്നുള്ള നിരീക്ഷണ പറക്കലിനിടെ 1984 സെപ്റ്റംബറിലാണു  ഹെലികോപ്റ്റർ അപകടത്തിൽപെട്ടത്. പൈലറ്റിനെയും സഹ പൈലറ്റിനെയും കാണാതായിരുന്നു.

Related Articles

Leave a Reply

Back to top button