എസ്എൻഡിപി നേതാവിന്റെ വീടിനു നേരെ അക്രമം

വടകര ∙ എസ്എൻഡിപി യൂണിയൻ സെക്രട്ടറിയും കെഎസ്എസ് ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമയുമായ പി.എം.രവീന്ദ്രന്റെ മേപ്പയിലെ വീടിനു നേരെ അക്രമം. ഇന്നലെ പുലർച്ചെ ജനൽ ചില്ലുകൾ എറിഞ്ഞു തകർത്ത അക്രമികൾ വലിയ കല്ലു കൊണ്ട് കാറിന്റെ ചില്ലും പൊട്ടിച്ചു. വീട്ടുകാർ എത്തുമ്പോഴേക്കും അക്രമികൾ കടന്നുകളഞ്ഞു. പൊലീസ് ഇൻസ്പെക്ടർ എസ്.സുമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം തുടങ്ങി.
വ്യാപക പ്രതിഷേധം
എസ്എൻഡിപി യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രന്റെ വീട് ആക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എൽഡിഎഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് എം.കെ.ഭാസ്കരൻ, കൺവീനർ ടി.പി.ബിനീഷ്, വൈസ് പ്രസിഡന്റ് എടയത്ത് ശ്രീധരൻ എന്നിവർ ആവശ്യപ്പെട്ടു.
∙ വ്യാപാരി പി.എം.രവീന്ദ്രന്റെ വീടിനു നേരെ നടന്ന അക്രമത്തിൽ മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു.
∙ പി.എം.രവീന്ദ്രന്റെ വീട് ആക്രമിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആർഎംപി സ്ഥാനാർഥി കെ.കെ.രമ ആവശ്യപ്പെട്ടു.
∙ എസ്എൻഡിപി വടകര യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രന്റെ വീടിനും വാഹനത്തിനും നേരെ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ആക്രമണം പ്രതിഷേധാർഹമാണെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും എസ്എൻഡിപി കുറ്റ്യാടി ശാഖാ കമ്മിറ്റി ആവശ്യപ്പെട്ടു. സെക്രട്ടറി കെ.പി.ദാസൻ അധ്യക്ഷത വഹിച്ചു.







