Thiruvambady

തിരുവമ്പാടിയിൽ ആവേശമായി റോഡ്‌ ഷോ

തിരുവമ്പാടി : പരസ്യപ്രചാരണത്തിന് ഒരുദിവസം മാത്രം ശേഷിക്കെ തിരുവമ്പാടി മണ്ഡലത്തിൽ ശനിയാഴ്ച റോഡ് ഷോകളുടെ ദിനമായിരുന്നു. മൂന്ന് മുന്നണിസ്ഥാനാർഥികളും വിവിധ പഞ്ചായത്തുകളിൽ റോഡ് ഷോ നടത്തി.

തിരഞ്ഞെടുപ്പുപ്രചാരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് കൊട്ടിക്കലാശത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കേർപ്പെടുത്തിയതോടെ റോഡ് ഷോകൾ കേമമായാണ് എങ്ങും അരങ്ങേറിയത്. മുന്നണി യുവജനസംഘടനകളുടെ സജീവ പങ്കാളിത്തം റോഡ് ഷോകൾക്ക് കൊഴുപ്പേകി.

പ്രചാരണത്തിന്റെ അവസാനലാപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥി സി.പി. ചെറിയ മുഹമ്മദിന്റെ റോഡ് ഷോ പ്രവർത്തകർക്ക് ആവേശമായി. മുക്കം നഗരസഭയിലെ ചേന്ദമംഗല്ലൂർ മംഗലശ്ശേരിയിൽനിന്നാരംഭിച്ച പര്യടനം മിനി പഞ്ചാബ്, കച്ചേരി, കുറ്റിപ്പാല, മാമ്പറ്റവഴി എറുവാട്ടപാറയിൽ സമാപിച്ചു.

തുടർന്ന് മുക്കം നഗരസഭയിലെ ചില സ്ഥാപനങ്ങൾ സന്ദർശിച്ചു.

ഉച്ചയ്ക്കുശേഷം മുക്കം നഗരസഭയിലെ തോട്ടത്തിൻകടവിൽ നിന്നാരംഭിച്ച റോഡ് ഷോ തെച്ച്യാട്, പൂളപ്പൊയിൽ, പുൽപ്പറമ്പ്, ചേന്ദമംഗല്ലൂർ, മിനി പഞ്ചാബ്, മാമ്പറ്റ വഴി അഗസ്ത്യൻമുഴിയിലെത്തി. പിന്നീട് കാരശ്ശേരി പഞ്ചായത്തിലെ നോർത്ത് കാരശ്ശേരി, കാരശ്ശേരി, കക്കാട്, കൊടിയത്തൂർ പഞ്ചായത്തിലെ കോട്ടമ്മൽ, സൗത്ത് കൊടിയത്തൂർ, ചെറുവാടി, ചുള്ളിക്കാപറമ്പ്, പന്നിക്കോട്, എരഞ്ഞിമാവ് വഴി മുക്കംവരെയും റോഡ് ഷോ നടന്നു.

കൊടി കെട്ടിയ ബൈക്കുകളുടെ അകമ്പടിയോടെയെത്തുന്ന റോഡ് ഷോയെ വാദ്യമേളങ്ങളുടെയും പാരഡി ഗാനങ്ങളുടെയും ഉത്സവാന്തരീക്ഷത്തിൽ വർധിച്ച ആവേശത്തോടെയായിരുന്നു വഴിയിലുടനീളം നാട്ടുകാർ വരവേറ്റത്.

തിരുവമ്പാടി നിയോജകമണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി ലിന്റോ ജോസഫിന്റെ പ്രചാരണപരിപാടിയുടെ ഭാഗമായി മണ്ഡലത്തിൽ രണ്ട് റോഡ് ഷോകളാണ് സംഘടിപ്പിച്ചത്. രാവിലെ പത്തുമണിക്ക് മുക്കത്ത് നിന്നാരംഭിച്ച റോഡ് ഷോ എരഞ്ഞിമാവ്, പന്നിക്കോട്, ചുള്ളിക്കാപ്പറമ്പ്, കൊടിയത്തൂർ, മണാശ്ശേരി, മുത്തേരി, തിരുവമ്പാടി, കൂടരഞ്ഞി എന്നിവിടങ്ങളിൽ പര്യടനം നടത്തി മുക്കത്ത് സമാപിച്ചു. റാലി എൽ.ഡി.എഫ്. മണ്ഡലം കൺവീനർ ടി. വിശ്വനാഥൻ ഫ്ളാഗ് ഓഫ് ചെയ്തു.

വൈകീട്ട് നാലുമണിക്ക് പെരുമ്പള്ളിയിൽനിന്നാരംഭിച്ച റാലി കൈതപ്പൊയിൽ, അടിവാരം, നൂറാംതോട് എന്നിവിടങ്ങളിൽ പര്യടനം നടത്തി കോടഞ്ചേരിയിൽ സമാപിച്ചു. റാലി മാത്യു ചെമ്പോട്ടിക്കൽ ഫ്ളാഗ് ഓഫ് ചെയ്തു. റാലികളിൽ വി. വസീഫ്, ദിപു പ്രേംനാഥ്, ടി.എ. മൊയ്തീൻ, എം.ഇ. ജലീൽ, വിനോദ് കിഴക്കയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

എൻ.ഡി.എ. സ്ഥാനാർഥി ബേബി അമ്പാട്ടിന്റെ റോഡ് ഷോ കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിൽ പര്യടനം നടത്തി തിരുവമ്പാടി പഞ്ചായത്തിലെ പുന്നക്കലിൽ സമാപിച്ചു. നിരവധി ബൈക്കുകളും കാറുകളും അണിനിരന്ന റോഡ് ഷോ ആവേശക്കാഴ്ചയായി.

Related Articles

Leave a Reply

Back to top button