Kodanchery
മാവോയിസ്റ്റ് ഭീഷണി 11 ബൂത്തുകളിൽ

കോടഞ്ചേരി∙ മാവോയിസ്റ്റ് ഭീഷണിയുള്ളതിനാൽ പഞ്ചായത്തിൽ 11 ബൂത്തുകളിൽ സുരക്ഷ ശക്തമാക്കി. നൂറാംതോട് എഎംഎൽപി സ്കൂളിലെ 6 ബൂത്തുകളിലും ചെമ്പുകടവ് ഗവ. യുപി സ്കൂളിലെ 5 ബൂത്തുകളിലുമാണ് കൂടുതൽ സുരക്ഷ ഒരുക്കുന്നത്. ഈ ബൂത്തുകളിൽ കേരള പൊലീസിനു പുറമേ കേന്ദ്രസേനയും ഉണ്ടാകും.
നൂറാംതോട് ബൂത്തുകളിൽ വെബ് കാസ്റ്റിങ് നിരീക്ഷണം ഉണ്ടാകും. മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളിൽ വോട്ടിങ് സമയം വൈകിട്ട് 6 വരെയാണ്. മറ്റു ബൂത്തുകളിൽ വൈകിട്ട് 7 വരെയും. പഞ്ചായത്തിൽ ആകെ 43 ബൂത്തുകളാണ് വിവിധ വാർഡുകളിലായി ഒരുക്കിയത്. പ്രധാന ബൂത്തുകൾ 29, അനുബന്ധ ബൂത്തുകൾ 14.
കോടഞ്ചേരി, തിരുവമ്പാടി പൊലീസ് സ്റ്റേഷനുകളെ ഉൾപ്പെടുത്തിയുള്ള ഇലക്‌ഷൻ സബ് ഡിവിഷൻ ചാർജ് ഉള്ള കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി.കെ.സുനിൽകുമാർ, കോടഞ്ചേരി സ്റ്റേഷൻ ഇൻസ്പെക്ടർ എം.എ.സന്തോഷ് എന്നിവർക്കാണ് സുരക്ഷ ചുമതല.







