ജില്ലയിലെ വിവിധ പോളിങ് സ്റ്റേഷനുകളിൽ കനത്ത സുരക്ഷ

കോടഞ്ചേരി∙ മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന പഞ്ചായത്തിലെ ചെമ്പുകടവ് ഗവ. യുപി സ്കൂൾ, നൂറാംതോട് എഎംഎൽപി സ്കൂൾ എന്നിവിടങ്ങളിലെ പോളിങ് ബൂത്തുകളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയത്. കേരള പൊലീസിനു പുറമേ 33 ബിഎസ്എഫ് ജവാന്മാർ ചെമ്പുകടവ് ഗവ. യുപി സ്കൂളിലും 35 ബിഎസ്എഫ് ജവാന്മാർ നൂറാംതോട് എഎംഎൽപി സ്കൂളിലും ഡ്യൂട്ടിക്കുണ്ടാവും. പൊലീസിലെ നിരീക്ഷണ ഉദ്യോഗസ്ഥരും ഉണ്ടാകും.
താമരശ്ശേരി∙ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാവോയിസ്റ്റ് ഭീഷണിയുള്ള 17 പോളിങ് ബൂത്തുകളിൽ കേന്ദ്ര സേനയെ ഉൾപ്പെടെ വിന്യസിച്ച് കർശന സുരക്ഷ ഒരുക്കി. അടിവാരം മദ്രസ (2), അടിവാരം എഎൽപി സ്കൂൾ (5), മണൽവയൽ എകെടിഎം സ്കൂൾ (4), മൈലള്ളാംപാറ സെന്റ് ജോസഫ്സ് യുപി സ്കൂൾ (4), വള്ളിയാട് ജംഇയ്യത്തുൽ ഇസ്ലാം മദ്രസ (2) എന്നീ ബൂത്തുകളിലാണ് സുരക്ഷാ സംവിധാനം ഒരുക്കിയത്.
ലോക്കൽ പൊലീസ്, ഇതര സംസ്ഥാന പൊലീസ്, തണ്ടർ ബോൾട്ട് ഉൾപ്പെടെയുള്ള കേന്ദ്രസേന എന്നിങ്ങനെ ത്രിതല സുരക്ഷ സംവിധാനമുണ്ട്. വോട്ടെടുപ്പു കഴിയുന്നതു വരെ ഈ ബൂത്തുകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് പട്രോളിങ്ങും നടത്തും. വോട്ടെടുപ്പ് സമാധാനപരമായി നടത്തുന്നതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്ന് ഡിവൈഎസ്പി എൻ.സി.സന്തോഷ് അറിയിച്ചു.
ചക്കിട്ടപാറ ∙ മലയോര മേഖലയിലെ പെരുവണ്ണാമൂഴി, കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ തിരഞ്ഞെടുപ്പ് ബൂത്തുകളിൽ മാവോയിസ്റ്റ് ഭീഷണി സാധ്യതയുള്ളതിനാൽ കേന്ദ്ര – സംസ്ഥാന സേനകളുടെ കനത്ത സുരക്ഷാ സംവിധാനം ഏർപ്പെടുത്തി. വനമേഖലയോടു ചേർന്നുള്ള പൂഴിത്തോട്,മുതുകാട്,പെരുവണ്ണാമൂഴി,പേരാമ്പ്ര എസ്റ്റേറ്റ്,കക്കയം ബൂത്തുകളാണ് മാവോയിസ്റ്റ് ഭീഷണിയുള്ളത്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുതുകാട് കലക്ടീവ് ഫാം ജിഎൽപി സ്കൂളിന്റെ സമീപത്തെ വീടുകളിൽ മാവോയിസ്റ്റുകൾ എത്തിയതായി റിപ്പോർട്ട് ചെയ്തിരുന്നു. 30 പേരടങ്ങുന്ന കേന്ദ്രസേന അംഗങ്ങൾ മുതുകാട് കലക്ടീവ് ഫാം ബൂത്തിൽ ക്യാംപ് ചെയ്തു. മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകൾ സേനാംഗങ്ങളുടെ പ്രത്യേക നിരീക്ഷണത്തിലാണ്.
FROM ONMANORAMA







