Kozhikode

കോവിഡ് കേസുകൾ കൂടുന്നു: വീണ്ടും നടപടി കർശനമാക്കി കോർപ്പറേഷൻ

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ കർശന നടപടിയുമായി കോർപ്പറേഷൻ. നഗരസഭയിലെ വ്യാപാര സ്ഥാപനങ്ങൾ, മറ്റു സ്വകാര്യ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർ കൃത്യമായ ഇടവേളകളിൽ കോവിഡ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കണമെന്ന് മേയർ ഡോ. എം. ബീനാ ഫിലിപ്പ് പത്രസമ്മേളനത്തിൽ പറഞ്ഞു.

പരിശോധന നടത്തുന്നുണ്ടോ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടോ എന്നീ കാര്യങ്ങൾ ആരോഗ്യവിഭാഗം ജീവനക്കാർ നേരിട്ടെത്തി പരിശോധിക്കും. പൊതുജനങ്ങളുമായി ഇടപഴകുന്ന സ്ഥാപനങ്ങളിലുള്ളവർ മാസത്തിൽ ഒരുതവണയെങ്കിലും കോവിഡ് പരിശോധന നടത്തണമെന്നും മേയർ പറഞ്ഞു.

കോവിഡ് പ്രോട്ടോകോൾ ലംഘിച്ചാൽ പിഴചുമത്തും. ആവർത്തിച്ചാൽ കച്ചവടസ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ്‌ചെയ്യും.

വ്യാഴാഴ്ച പരിശോധന നടത്തിയ 244 സ്ഥാപനങ്ങളിൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് 45 പേർക്ക് നോട്ടീസ് നൽകി. 21 സർക്കിളുകളിലായി മാസ്ക് ധരിക്കാത്ത 119 പേരിൽനിന്നായി 59,700 രൂപ പിഴ ഈടാക്കിയിട്ടുണ്ട്. വെള്ളിയാഴ്ചതന്നെ എല്ലാവാർഡുകളിലും ആർ.ആർ.ടി. പുനഃസംഘടിപ്പിക്കും. മൂന്നുവീതം വാർഡുകൾ ചേർന്ന് കൗൺസിലർമാരുടെ നേതൃത്വത്തിൽ മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കുമെന്നും മേയർ പറഞ്ഞു. സ്ഥിരംസമിതി അധ്യക്ഷരായ ഡോ. എസ്. ജയശ്രീ, പി.കെ. നാസർ, സെക്രട്ടറി കെ.യു. ബിനി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button