Kozhikode

കോഴിക്കോട്ട് കോവിഡ് വ്യാപനം; അടച്ചിടൽ ഒഴിവാക്കാൻ സഹകരിക്കണമെന്ന് കലക്ടർ

കോഴിക്കോട് – കോവിഡ് രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. അടച്ചിടലിലേക്കു പോവാതിരിക്കാനുള്ള മുൻകരുതൽ എല്ലാ വിഭാഗം ആളുകളിൽനിന്നും ഉണ്ടാവണമെന്ന് തദ്ദേക സ്വയംഭരണ സ്ഥാപന മേധാവികളുമായി നടത്തിയ ഓൺലൈൻ യോഗത്തിൽ ജില്ലാ കലക്ടർ പറഞ്ഞു.

കോവിഡ് ബാധിതരെ പ്രവേശിപ്പിക്കുന്നതിന് ജില്ലയിലെ 21 ആശുപത്രികളിലായി 3499 കിടക്കകളുണ്ട്. ഇതിൽ 1874 കിടക്കകളാണ് നിലവിൽ ഒഴിവുള്ളത്. വെന്റിലേറ്ററോട് കൂടിയ ഐ.സി.യു 36 എണ്ണം ഒഴിവുണ്ട്. 59 വെന്റിലേറ്ററിൽ 33 എണ്ണമാണ് ഒഴിവുള്ളത്. സർക്കാർ മേഖലയിലുള്ള നാല് കോവിഡ് ആശുപത്രികളിലായി 297 കിടക്കകളിൽ 137 എണ്ണം ഒഴിവുണ്ട്. സ്വകാര്യ മേഖലയിൽ 17 ആശുപത്രികളിലായി 3202 ബെഡുകളുള്ളതിൽ 1737 എണ്ണം ഒഴിവാണ്. 55 വെന്റിലേറ്ററുകൾ ഉള്ളതിൽ 29 എണ്ണവും ഒഴിവാണ്.

അഞ്ചു മാസത്തിനിടെ ആദ്യമായാണ് ജില്ലയിൽ ഞായറാഴ്ച രോഗികളുടെ എണ്ണം ആയിരം കടന്നത്. സംസ്ഥാനത്തു തന്നെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിലുൾപ്പെട്ട കോഴിക്കോട്ട് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.89 ആണ്.   
355 കോവിഡ് കെയർ സെന്ററുകളും 342 ഇൻസ്റ്റിറ്റിയൂട്ട് ക്വാറന്റൈൻ കേന്ദ്രങ്ങളും 13 പെയ്ഡ് ക്വാറന്റൈൻ കേന്ദ്രങ്ങളുമാണ് ജില്ലയിൽ ഉള്ളത്. കൊയിലാണ്ടി താലൂക്കിൽ 93, കോഴിക്കോട് 138, താമരശ്ശേരി 50, വടകര 74 എന്നിങ്ങനെയാണ് കോവിഡ് കെയർ സെന്ററുകളുടെ എണ്ണം. രോഗവ്യാപനം കൂടുതലുള്ള തദ്ദേക സ്വയംഭരണസ്ഥാപന പരിധിയിലും ഫസ്റ്റ് ലൈൻ ചികിത്സ കേന്ദ്രങ്ങൾ ആരംഭിക്കാൻ കലക്ടർ സാംബശിവ റാവു നിർദേശം നൽകി.

കോവിഡ് ഹോട്ട് സ്‌പോട്ടുകളായ തദ്ദേക സ്വയംഭരണ പ്രദേശങ്ങളിൽ 100 കിടക്കകളിൽ കുറയാത്ത എഫ്.എൽ.ടി.സികളും കോർപറേഷനിൽ സാധ്യമായ എണ്ണവും ഉടൻ തന്നെ സജ്ജമാക്കാനാണ് നിർദേശം. ജില്ലയിൽ കോവിഡ് പോസിറ്റിവ് ആകുന്നവരിൽ കൂടുതലും രോഗലക്ഷണം ഇല്ലാത്തവരാണ്. ആശുപത്രികളിൽ സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം എഫ്.എൽ.സി.ടികളിലും വീടുകളിലും ചികിത്സ എത്തിക്കുന്നതിനും ആരോഗ്യ വിഭാഗം തയാറെടുപ്പുകൾ നടത്തിവരികയാണ്. ഓരോ പോലീസ് സ്റ്റേഷനിലും ഒരു എസ്.ഐ തസ്തികയിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പട്രോളിങ് ടീം രൂപീകരിച്ച് കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും

Related Articles

Leave a Reply

Back to top button