Kozhikode

രോഗവ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തിൽ ജില്ലയിൽ കോവിഡ് ടെസ്റ്റ് മഹായജ്ഞം

കോഴിക്കോട് – കോവിഡ് രോഗവ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തിൽ ജില്ലയിൽ രോഗബാധിതരെ കണ്ടെത്താനായി ഇന്നും നാളെയും കോവിഡ് ടെസ്റ്റ് മഹായജ്ഞം സംഘടിപ്പിക്കും. രണ്ടു ദിവസവും 20,000 വീതം കോവിഡ് ടെസ്റ്റ് നടത്താനാണ് തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെയും മെഡിക്കൽ ഓഫീസർമാരുടെയും ഓൺലൈൻ യോഗത്തിലാണ്  കലക്ടർ സാംബശിവ റാവു ഇക്കാര്യം അറിയിച്ചത്. രോഗവാഹകരെ നേരത്തെ കണ്ടെത്തി ക്വാറന്റൈൻ ചെയ്ത് രോഗം പടരുന്നത് തടയുകയാണ് ലക്ഷ്യം. മാർക്കറ്റുകൾ, ബസ് സ്റ്റാൻഡുകൾ, ആശുപത്രികൾ, മാളുകൾ, തുടങ്ങിയ പൊതു ഇടങ്ങളിൽ ഇതിനായുളള ക്യാമ്പുകൾ ഒരുക്കും. തദ്ദേശ സ്ഥാപനങ്ങളും പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങളും സംയുക്തമായാണ് ഇതിനുളള സൗകര്യങ്ങളൊരുക്കുക. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ജില്ലയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയായി രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്.

പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ജനങ്ങൾ കൂടിച്ചേർന്നതും നിയന്ത്രണങ്ങളും കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതിരുന്നതുമാണ് രോഗവ്യാപനം കൂടാനിടയായതെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തിയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വലിയ വർധനയുണ്ടായി. രോഗവ്യാപനം രൂക്ഷമാകുന്നത് രോഗികളുടെ മരണ നിരക്ക് ഉയരാൻ ഇടയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ടെസ്റ്റ് വർധിപ്പിക്കാൻ തീരുമാനിച്ചത്.

നിലവിൽ പ്രതിദിനം 10,000 പേരെ കോവിഡ് ടെസ്റ്റ് നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത എല്ലാവരേയും ടെസ്റ്റിന് വിധേയരാക്കി എന്ന് ഉറപ്പു വരുത്തും. വയോജനങ്ങൾ, മറ്റ്ുരോഗമുളളവർ, ലക്ഷണങ്ങൾ ഉളളവർ എന്നിവരേയും കുടുംബശ്രീ പ്രവർത്തകർ, അധ്യാപകർ, പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികൾ എന്നിവരേയും ടെസ്റ്റ് ചെയ്യും. ഷോപ്പുകൾ, ഹോട്ടലുകൾ, തിരക്കേറിയ മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരെയും ബസ്, ടാക്സി ജീവനക്കാരെയും നിശ്ചിത ഇടവേളകളിൽ ടെസ്റ്റിന് വിധേയമാക്കാൻ  ഉടമകൾക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കും.

കോവിഡ് വ്യാപനം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ആരോഗ്യ സംവിധാനങ്ങളും പ്രാദേശിക ഭരണ സംവിധാനങ്ങളും കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന്  കലക്ടർ പറഞ്ഞു. കോവിഡിന്റെ ഒന്നാം ഘട്ടത്തിൽ സജീവമായിരുന്ന വാർഡുതല ആർ.ആർ.ടികൾ വീണ്ടും ശക്തിപ്പെടുത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്ക് നിർദേശം നൽകി. പുതുതായി നിശ്ചയിക്കപ്പെട്ട കണ്ടെയ്ൻമെന്റ് സോണുകളിൽ ആരോധനാലയങ്ങളിൽ ഉൾപ്പെടെ ആൾക്കൂട്ടം കർശനമായി ഒഴിവാക്കും. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ സജ്ജമാക്കാനും കലക്ടർ നിർദേശിച്ചു. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയൂഷ് നമ്പൂതിരി, ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടർ എൻ. റംല, എൻ എച്ച് എം പ്രോഗ്രാം മാനേജർ ഡോ. നവീൻ, ഡോ. മോഹൻദാസ് എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Back to top button