നിയന്ത്രിക്കാനാവാതെ വാക്സിനേഷൻ ക്യാമ്പുകളിൽ ആൾക്കൂട്ടം

മുക്കം: കോവിഡിന്റെ രണ്ടാംവ്യാപനം അതിരൂക്ഷമാകവെ നഗരസഭയുടെ നേതൃത്വത്തിൽ മുക്കം സി.എച്ച്.സി.യിൽ നടത്തിയ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിലും സ്രവപരിശോധനാ ക്യാമ്പിലും വൻ ആൾക്കൂട്ടം. കൃത്യമായ ഏകോപനമില്ലാത്തതും നിയന്ത്രിക്കാൻ ആളില്ലാത്തതുമാണ് ക്യാമ്പുകളിലെ ആൾക്കൂട്ടത്തിന് കാരണമെന്ന് ആരോപണമുണ്ട്. ഒടുവിൽ മുക്കത്തെ ജനമൈത്രി പോലീസെത്തിയാണ് വെള്ളിയാഴ്ച ആശുപത്രിയിൽ അനുഭവപ്പെട്ട തിരക്ക് നിയന്ത്രിച്ചത്.
സി.എച്ച്.സി.യിൽ ടോക്കൺ വിതരണംചെയ്യാൻ ഒരുകൗണ്ടർ മാത്രമാണ് സജ്ജീകരിച്ചിട്ടുള്ളത്. വാക്സിനേഷനായി എത്തുന്ന ആളുകൾ ടോക്കൺ ലഭിക്കാൻ കൂട്ടംകൂടി നിൽക്കുന്ന അവസ്ഥയാണ്. ടോക്കൺ നേടിക്കഴിഞ്ഞാൽ പ്രതിരോധകുത്തിവെപ്പ് എടുക്കുന്ന മുറിയിൽ എത്തണമെങ്കിൽ ഗോവണിപ്പടികൾ കയറണം. പ്രായമായവർ ഉൾപ്പെടെയുള്ളവർക്ക് ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ലെന്ന് ആളുകൾ പറയുന്നു.
കുത്തിവെപ്പിനുശേഷം അരമണിക്കൂർ നിരീക്ഷണത്തിൽ കഴിയണമെന്നാണ് നിർദേശം. ഇടുങ്ങിയ റൂമിലാണ് വാക്സിൻ എടുത്തവർ അരമണിക്കൂർ കഴിച്ചുകൂട്ടുന്നത്. ഇതെല്ലാം രോഗവ്യാപനത്തിന് വഴിയൊരുക്കുമെന്ന് ആളുകൾ ആശങ്കപ്പെടുന്നു. വാക്സിനേഷൻ വേഗത്തിലാക്കാൻ മുക്കം നഗരസഭയുടെ നേതൃത്വത്തിൽ വരുന്ന തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി 10 മെഗാ ക്യാമ്പുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആഴ്ചയിൽ മൂന്നുദിവസം സി.എച്ച്.സി.യിൽ നടത്തിവരുന്ന സ്രവപരിശോധനാ ക്യാമ്പുകൾ കൂടാതെ വെള്ളി, ശനി ദിവസങ്ങളിൽ അഞ്ഞൂറുവീതം ആളുകളെ പങ്കെടുപ്പിച്ച് മെഗാ സ്രവപരിശോധന നടത്താനുള്ള നിർദേശം ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുമോ എന്നും ആശങ്കയുണ്ട്. വാക്സിനേഷന് ടോക്കണെടുക്കാൻ നിൽക്കുന്നതിന് തൊട്ടടുത്താണ് ഒ.പി. ടിക്കറ്റെടുക്കാൻ രോഗികൾ കാത്തുനിൽക്കുന്നതും. ആൾക്കൂട്ടം പരമാവധി ഒഴിവാക്കാണമെന്ന നിർദേശം ആവർത്തിക്കുമ്പോഴാണ് സർക്കാർ ആശുപത്രിയിൽ വിവിധ വകുപ്പുകളുടെ ഏകോപനക്കുറവുമൂലം ആളുകൾ കൂട്ടംകൂടി നിൽക്കുന്നത്.







