Thiruvambady

മലയോര ഹൈവേയുടെ പ്രവൃത്തി ഊർജിതമാക്കി

തിരുവമ്പാടി: മലയോരപാതയുടെ കോഴിക്കോട് ജില്ലയിലെ ഭാഗങ്ങളുടെ പ്രവൃത്തിയാണ് ഊർജിതമായി നടക്കുന്നത്.ജില്ലയിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിൽവരുന്ന കോടഞ്ചേരി, പുലിക്കയം, നെല്ലിപ്പൊയിൽ, ഇലന്തുകടവ്, പുല്ലൂരാംപാറ, പുന്നക്കൽ, കൂടരഞ്ഞി കരിങ്കുറ്റി, പോസ്റ്റ് ഓഫീസ് ജങ്ഷൻ, കൂമ്പാറ, മേലേകൂമ്പാറ, ആനക്കല്ലുംപാറ, അകമ്പുഴ, താഴെ കക്കാട്, കക്കാടംപൊയിൽ വഴിയാണ് മലയോര ഹൈവേ കടന്നുപോകുന്നത്. മലപ്പുറം ജില്ലയിലെ നിലമ്പൂരുമായി ബന്ധിക്കും.

കോടഞ്ചേരി-കൂമ്പാറ റൂട്ടിലാണ് ഇപ്പോൾ നിർമാണപ്രവൃത്തി പുരോഗമിക്കുന്നത്. റോഡിന്റെ ഇരുവശത്തും വീതികൂട്ടൽ കലുങ്കുകൾ, പാലങ്ങൾ എന്നിവയുടെ നിർമാണം, സംരക്ഷണഭിത്തി കെട്ടൽ എന്നീ പ്രവൃത്തികൾ സജീവമാണ്. റോഡിന്റെ വിവിധ ഭാഗങ്ങളിലായി ഉപയോഗിക്കാനുള്ള റെഡിമെയ്ഡ് പ്രീ-ഫാബ് ഡ്രെയ്‌നേജുകളുടെ കൂറ്റൻനിര മഞ്ഞുവയലിന് സമീപമ സജ്ജമാക്കിയിട്ടുണ്ട്.

തിരുവമ്പാടി മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് നാന്ദികുറിക്കുന്ന സ്വപ്ന പദ്ധതിയാണ് മലയോരഹൈവേ. ടൂറിസം കാർഷികരംഗത്തും പുത്തൻ ഉണർവേകും. കോടഞ്ചേരിമുതൽ കക്കാടംപൊയിൽ വരെയുള്ള റീച്ചിന്റെ പ്രവൃത്തി ഉദ്ഘാടനം 2020 ഓഗസ്റ്റ്‌ 11-ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് നിർവഹിച്ചത്. രണ്ട് വർഷത്തിനകം പൂർത്തിയാക്കുമെന്നാണ് നിർമാണകരാർ. 34.3 കി.മി. നീളമുള്ള പാത 12 മീറ്റർ വീതിയിലാണ് നിർമിക്കുന്നത്. ബി.എം.ബി.സി. നിലവാരത്തിൽ ഏഴുമീറ്റർ വീതിയിലാണ് ടാറിങ്.

ഇരുവശങ്ങളിലും ഓടകൾ, ഭൂഗർഭ കേബിളുകളും പൈപ്പുകളും കടന്നുപോകുന്നതിനുള്ള കോൺക്രീറ്റ് ചാൽ, നിശ്ചിതദൂരം ഇടവിട്ട് ക്രോസ് ഡക്ടുകൾ, കാര്യേജ്‌വേ, പ്രധാന കവലകളിൽ ഇന്റർലോക്ക് കട്ടകൾ പാകിയ നടപ്പാതകൾ, സൗരോർജവിളക്കുകൾ, സിഗ്നൽലൈറ്റുകൾ, വിശ്രമകേന്ദ്രങ്ങൾ, ബസ്ബേകൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, കക്കാടംപൊയിലിൽ പോലീസ് എയ്ഡ് പോസ്റ്റ് എന്നിവ ഒരുക്കും. 155 കോടിക്ക് ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പ്രവൃത്തി കരാർ ഏറ്റെടുത്തിരിക്കുന്നത്. മലയോര, കുടിയേറ്റ നിവാസികളുടെ സ്വപ്ന പദ്ധതിയായ മലയോരഹൈവേക്കായി നാട്ടുകാർ സ്ഥലം സൗജന്യമായി വിട്ടുനൽകുകയായിരുന്നു. ഏതാനുംപേർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും നിയമനടപടി പാതയുടെ നിർമാണത്തെ പ്രതികൂലമായി ബാധിച്ചില്ല.

Related Articles

Leave a Reply

Back to top button