വാക്സിനേഷൻ: രജിസ്റ്റർ ചെയ്തവർക്ക് മാത്രമാക്കിയതറിയാതെ എത്തിയവർ ദുരിതത്തിലായി

കോഴിക്കോട്: കോവിഡ് വാക്സിനേഷന് മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർകൂടി എത്തിയതോടെ തർക്കം. മിക്കയിടത്തും കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കിയപ്പോൾ രജിസ്റ്റർ ചെയ്യാതെയെത്തിയവർ മടങ്ങിപ്പോയി.
വ്യാഴാഴ്ചമുതൽ വാക്സിനേഷൻ ഓൺലൈൻ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാക്കിയതറിയാതെ എത്തിയവർ വാക്സിൻ എടുക്കണമെന്നാവശ്യപ്പെട്ടതോടെ ഉന്തുംതള്ളുമായി. തുടർന്ന് മെഡിക്കൽ കോളേജ് പോലീസെത്തി കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി തിരിച്ചയച്ചു.
പുതിയ ക്രമീകരണമനുസരിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബുക്കുചെയ്ത 203 പേർക്കാണ് വ്യാഴാഴ്ച വാക്സിൻ നൽകിയത്.മുമ്പ് ശരാശരി നാനൂറിലേറെ പേർക്ക് വാക്സിൻ നൽകിയിരുന്നെങ്കിലും ഇപ്പോൾ മരുന്നിന്റെ ലഭ്യതക്കുറവുമൂലം 200-ഓളം പേർക്കാണ് നൽകുന്നത്. മരുന്ന് ലഭിക്കുന്ന മുറയ്ക്ക് എണ്ണം വർധിപ്പിക്കും.
വെള്ളിയാഴ്ചത്തേക്കുള്ള മരുന്നുകൂടി സ്റ്റോക്കുണ്ടെന്നും ഞായറാഴ്ചയോടെ കൂടുതൽ മരുന്ന് എത്തിക്കുമെന്നാണ് കരുതുന്നതെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.







