Kozhikode
നിയന്ത്രണങ്ങളോട് പൂർണ സഹകരണം; അടച്ചുപൂട്ടി കോഴിക്കോട് ജില്ല

കോഴിക്കോട് ∙ ഞായറാഴ്ചയും ആളനക്കമില്ലാതെ ജില്ല; കടുത്ത നിയന്ത്രണങ്ങളോട് പൂർണമായും സഹകരിച്ച് കോഴിക്കോട്ടുകാർ വീട്ടിലിരുന്നു. രണ്ടു ദിവസത്തെ ‘മിനി ലോക്ഡൗണി’ൽ ജില്ലയിലെ ജനജീവിതം നിശ്ചലമായി. കർശന നിയന്ത്രണങ്ങളുടെ രണ്ടാംദിവസമായ ഇന്നലെ റോഡുകളും അങ്ങാടികളും ഒഴിഞ്ഞുകിടക്കുകയായിരുന്നു. ശനിയാഴ്ച റോഡുകളിലിറങ്ങിയതിന്റെ പകുതി വാഹനങ്ങൾപോലും ഇന്നലെ ഇല്ലായിരുന്നു.
സൂപ്പർമാർക്കറ്റുകളും പഴം, പച്ചക്കറി, ഭക്ഷ്യധാന്യക്കടകൾ തുടങ്ങിയവയും തുറന്നെങ്കിലും ആളുകളുടെ എണ്ണം കുറവായിരുന്നു. എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും പരിശോധനകളുമായി പൊലീസുകാർ സജീവമായിരുന്നു. രോഗവ്യാപന നിരക്ക് കൂടുന്ന സാഹചര്യത്തിൽ 28 തദ്ദേശ സ്ഥാപനങ്ങളിൽ കലക്ടർ കർശനനിയന്ത്രണം പ്രഖ്യാപിച്ചിരുന്നു. പോസിറ്റിവിറ്റി നിരക്ക് കുറയുന്നതുവരെ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.







