Kodanchery

കാട്ടാന നശിപ്പിക്കുന്ന കൃഷിക്ക് തക്കതായ നഷ്ട പരിഹാരം നൽകണം

കോടഞ്ചേരി: പഞ്ചായത്തിലെ ഒന്നാം വാർഡ് ചിപ്പിലിത്തോട് പ്രദേശത്ത് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. വെട്ടുകല്ലിൽ കുഞ്ഞ് എന്ന് ജോസഫ്, മണ്ഡപത്തിൽ മാത്യു എന്നിവരുടെ കൃഷിയിടങ്ങളിൽ ആണ് കാട്ടാനക്കൂട്ടം നാശം വിതച്ചത്.

നൂറിലധികം വാഴയും 6 തെങ്ങും പൂർണമായും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.വനാതിർത്തികളിൽ താമസിക്കുന്ന കർഷകർക്ക് ജീവനും സ്വത്തിനും ഭീഷണിയായ നിരന്തരമായ കാട്ടാന ആക്രമണങ്ങൾ നിയന്ത്രിക്കുന്നതിൽ വനംവകുപ്പ് തീർത്തും പരാജയമാണെന്നും ജനോപകാരപ്രദമായ ഒരു പദ്ധതികളും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും സമയബന്ധിതമായി നടപ്പിലാക്കുന്നില്ല എന്നും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി പറഞ്ഞു.കൃഷി നാശം സംഭവിച്ച കർഷകർക്ക് തക്കതായ ധനസഹായം സമയബന്ധിതമായി നൽകണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

നാട്ടുകാരുടെ പരാതിയെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ രണ്ടു പിടിയാനയേയും രണ്ട് കുട്ടി ആനകളെയും പടക്കം പൊട്ടിച്ച് കാട്ടിലേക്ക് കയറി വിട്ടു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി ചാക്കോ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പിള്ളി , ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, വാർഡ് മെമ്പർ റോസലി മാത്യു , ചിന്ന അശോകൻ ,ആർ ടി ടി അംഗങ്ങളായ ടോമി ഇല്ലിമൂട്ടിൽ ,സുരേഷ് പട്ടരാട് , മാത്യു ചെമ്പോട്ടികൽ എന്നിവർ സ്ഥലം സന്ദർശിച്ചു.

Related Articles

Leave a Reply

Back to top button