ചെയിൻകോൾ സംവിധാനത്തിലൂടെ പുതുപ്പാടിയിൽ ചെയ്തത് 14013 കോളുകൾ

താമരശ്ശേരി: പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കോവിഡ് ബാധിതരായവർക്ക് ആശ്വാസമേകി കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ചെയിൻ കോൾ സംവിധാനത്തിലൂടെ ചെയ്തത് 14013 കോളുകൾ. കുടുംബശ്രീ ജില്ലാ മിഷൻ്റെ നിർദ്ദേശപ്രകാരമാണ് ചെയിൻകോൾ സംവിധാനം നടപ്പിലാക്കുന്നത്. പരിശീലനം ലഭിച്ച ജില്ലാ മിഷൻ റിസോഴ്സ് പേഴ്സൻ്റെ നേതൃത്വത്തിലുള്ള കോർ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. കോവിഡ് വ്യാപനത്തിന്റെ ഈ രണ്ടാം ഘട്ടത്തില്‍ കോവിഡിനെക്കുറിച്ചുള്ള ബോധവത്ക്കരണം ഏവരിലേക്കുമെത്തിക്കാനും സഹായങ്ങള്‍ ആവശ്യമുള്ളവരെ കണ്ടെത്തിക്കൊണ്ട് അവര്‍ക്ക് വേണ്ട സേവനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ലഭ്യമാക്കാനും കുടുംബശ്രീ കൂട്ടായ്മ കൂടെയുണ്ടെന്ന ആത്മവിശ്വാസം പകരാനുമായിട്ടാണ് ‘ചെയിന്‍ കോള്‍’ എന്ന പദ്ധതി ആരംഭിച്ചത്.
ചെയിൻ കോൾ സംവിധാനത്തിലൂടെ സഹായങ്ങള്‍ ആവശ്യമുണ്ടോ എന്നുള്ള വിവരാന്വേഷണം നടത്തിയതിൻ്റെ ഭാഗമായി വാർഡ് മെമ്പർമാരുടേയും എ ടി എസിൻ്റെയും അയൽക്കൂട്ടങ്ങളുടെയും നേതൃത്വത്തിൽ സാമ്പത്തിക സഹായങ്ങളും, ഭക്ഷണകിറ്റ്, മരുന്ന് എന്നിവ എത്തിച്ച് നൽകുകയും ചെയ്തു. കൂടാതെ കോവിഡിന്റെ പ്രതിരോധത്തിന്റെ ഭാഗമായി ഓരോരുത്തരും കൈക്കൊള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ച് ഇരട്ട മാസ്ക് ധാരണം, സാമൂഹ്യ അകലം പാലിക്കല്‍, ആവശ്യത്തിന് മാത്രം പുറത്തിറങ്ങുക തുടങ്ങിയ കാര്യങ്ങള്‍ അവരെ ബോധവത്ക്കരിക്കുകയും ചെയ്തു.





