Mukkam

വിദ്യാർഥികൾ കൈകോർത്തു; സ്വപ്നങ്ങൾ പൂവണിഞ്ഞു

മുക്കം : കോവിഡിൽ ജീവിതം ലോക്കായ ഭിന്നശേഷി സംരംഭകരുടെയും വർണക്കുടകൾ മോഹിച്ച മലപ്പുറത്തെ ആദിവാസി കുട്ടികളുടെയും സ്വപ്നം സഫലമാക്കി വിദ്യാർഥികൾ. നിലമ്പൂർ പീവീസ് പബ്ലിക് സ്കൂളിലെ വിദ്യാർഥികളാണ് കോവിഡിനെ തുടർന്ന് വിപണിയില്ലാതായതോടെ കുടകളും പേനകളും വാങ്ങി ആദിവാസി കുട്ടികൾക്ക് നൽകിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ, ഭിന്നശേഷി സംരംഭകർ നിർമിച്ച ഉത്പന്നങ്ങൾ വിൽക്കാനാവാതെ ദുരിതത്തിലായ വാർത്ത കഴിഞ്ഞ ദിവസം മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട വിദ്യാർഥിയുടെ ആശയമാണ് ഭിന്നശേഷി സംരംഭകരുടെ കണ്ണീരൊപ്പിയത്.

ഭിന്നശേഷിക്കാരുടെ ഉത്പന്നങ്ങൾ മുഴുവൻ വാങ്ങി നിലമ്പൂർ നെടുങ്കയത്തെ ആദിവാസി കുട്ടികൾക്ക് വിതരണം ചെയ്യാനുള്ള വിദ്യാർഥിയുടെ ആശയം കൂട്ടുകാരോടും അവർ രക്ഷിതാക്കളോടും അധ്യാപകരോടും പങ്കുവെക്കുകയായിരുന്നു. വർണക്കുടകളും മറ്റും സ്വപ്നം കണ്ടിരുന്ന നെടുങ്കയം ആദിവാസി കോളനിയിലെ കുട്ടികളും ഇവരുടെ മനസ്സിൽ തട്ടി. ഇതോടെ സ്കൂളിലെ വാല്യു എജ്യുക്കേഷൻ ഡിപ്പാർട്ട്മെൻറ്് നേതൃത്വമേറ്റെടുക്കുകയും ചെയ്തു. ഭിന്നശേഷിക്കാരുടെ കുടകളും പേനകളുമെല്ലാം ഇവർ നേരിട്ടെത്തി വാങ്ങുകയായിരുന്നു.

നിലമ്പൂർ പീവീസ് പബ്ലിക് സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ ഹാരിസ് മടപ്പള്ളി, പ്രിൻസിപ്പൽ ഹാഫിസ് ഇഖ്ബാൽ, വാല്യു എജ്യുക്കേഷൻ വിഭാഗം മേധാവി ഹാഫിസ് അസ്ലം എന്നിവരെത്തിയാണ് ഷമീർ ചേന്ദമംഗലൂരിൽനിന്നു കുടകൾ ഏറ്റുവാങ്ങിയത്. ജി.എൻ. ആസാദ് മുക്കം, മുഹമ്മദ് കക്കാട്, ബാബു പാലക്കൽ എന്നിവരും സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button