മൾട്ടി സർക്യൂട്ട് ലൈൻ നിർമാണം: ആശങ്കയും പ്രതിഷേധവുമായി പ്രദേശവാസികൾ

മുക്കം: കുന്നമംഗലം – അഗസ്ത്യൻമുഴി മൾട്ടി സർക്യൂട്ട് ലൈൻ നിർമാണവുമായി ബന്ധപ്പെട്ട് ആശങ്കയും പ്രതിഷേധവുമായി പ്രദേശവാസികൾ. സ്ഥലമുടകളുമായി യാതൊരു തരത്തിലുമുള്ള ആശയ വിനിമയമോ നിയമാനുസൃതമായ നടപടിക്രമങ്ങളോ പാലിക്കാതെ നിലവിലെ ലൈൻ ഏകപക്ഷീയമായി വികസിപ്പിച്ചതായി പ്രദേശവാസികൾ പറയുന്നു.
പലരുടേയും വീടുകൾക്കുൾപ്പെടെ ഭീഷണിയായും ഫലവൃക്ഷങ്ങൾ ഉൾപ്പെടെ നശിപ്പിച്ചുമാണ് ലൈൻ സ്ഥാപിച്ചിരിക്കുന്നതെന്നും പരാതിയുണ്ട്. പരിമിതമായ ഭൂമി ഉള്ളവരും വസ്തുവിന്റെ നടുവിൽ കൂടി ലൈൻ കടന്നു പോയവരുമാണ് ഏറെ കഷ്ടത്തിലായത്. ചിലരുടെ വസ്തു ഇനി മറ്റ് ആവശ്യങ്ങൾക്ക് ഉപകരിക്കാത്ത നിലയിലായെന്നും പരാതിയുണ്ട്.
പ്രശ്നവുമായി ബന്ധപ്പെട്ട് നിയമ നടപടികൾ സ്വീകരിക്കാനും പ്രക്ഷോഭ പരിപാടികൾക്കുമായി ഇരകൾ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കുന്നമംഗലം പഞ്ചായത്തംഗങ്ങളായ ലീനാ വാസുദേവൻ ചെയർമാനായും നൗഷാദ് വൈസ് ചെയർമാനായും മനോജ് കോളേരി കൺവീനറായും ജില്ലാ പഞ്ചായത്തംഗം ധനിഷ് ലാൽ രക്ഷാധികാരിയായും വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികൾ ഉൾപ്പെടെ 13 അംഗങ്ങൾ ഉൾക്കൊള്ളുന്ന കമ്മിറ്റിയാണ് രൂപീകരിച്ചത്







