AnakkampoyilThiruvambadyVideos

പാഴ്മരം മുറിച്ചതിന്റെ പേരിൽ വനം വകുപ്പ് കേസെടുത്തു; വകുപ്പിന്റ കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കുക; കോൺഗ്രസ്

തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ മറിപ്പുഴയിൽ സ്വന്തം പറമ്പിലെ പാഴ്മരം മുറിച്ചതിന്റെ പേരിൽ ത്രേസ്യ കുന്നുംപുറം എന്ന വ്യക്തിയുടെ പേരിൽ വനം വകുപ്പ് കഴിഞ്ഞ ദിവസം കേസെടുക്കുകയും ഇത് വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തതിനെ തുടർന്ന് വിഷയത്തിൽ വനം വകുപ്പിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി.

1972ൽ പട്ടയം ലഭിച്ച് 2021ൽ നികുതിയും അടച്ച് മുഴുവൻ രേഖകളും കൈവശമുള്ള കൃഷി ഭൂമിയിലെ പാഴ്മരങ്ങളായ വട്ടയും പ്ലാവിന്റെ തൈയ്യും വീട്ടാവശ്യത്തിനായി മുറിച്ചതിനാണ് വിധവയായായ പ്രായംചെന്ന സ്ത്രീയുടെ പേരിൽ വനം വകുപ്പ് കേസെടുത്ത് മരം സീൽ ചെയ്തത്. വീട്ടുകാരെ വനം വകുപ്പ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയുണ്ട്.

കേരളത്തിൽ മുഴുവൻ വനം വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും ഭരണകൂടത്തിന്റെയും ഒത്താശയോടെ വനത്തിലെ തേക്കും വീട്ടിയും ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ച് കടത്തുന്നത് തടയാത്ത അധികാരികൾ വിധവയായ കർഷക സ്ത്രീയോട് ചെയ്യുന്ന ക്രൂരത അവസാനിപ്പിക്കണമെന്ന് സ്ഥലം സന്ദർശിച്ച കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

ജനപ്രതിനിധികളായയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തോമസ് കളത്തൂർ, പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ രാമചന്ദൻ കരിമ്പിൽ, വാർഡ് മെമ്പർ മഞ്ജു ഷിബിൻ, ഡി സി സി ജനറൽ സെകട്ടറി ബാബു പൈക്കാട്ടിൽ, മണ്ഡലം വൈസ് പ്രസിഡന്റ് ടോമി കൊന്നക്കൽ, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് സെബാസ്‌റ്റ്യൻ വാഴേപറമ്പിൽ, മണ്ഡലം സെക്രട്ടറി സജി കൊച്ചുപ്ലാക്കൽ തുടങ്ങിയവർ സന്ദർശക സംഘത്തിൽ ഉണ്ടായിരുന്നു.

വനം വകുപ്പിന്റെ ധിക്കാരത്തിനും ധാർഷ്ട്യത്തിനും എതിരേ മുഖ്യമന്ത്രിക്കും വനം വകുപ്പ് മന്ത്രിക്കും പരാതി സമർപ്പിക്കുമെന്നും പ്രശ്നത്തെ നിയമപരമായും പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചും നേരിടുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

Related Articles

Leave a Reply

Back to top button