വട്ടോളിയിൽ രാത്രി നിർത്തിയിട്ട 2 ബസുകൾ തകർത്തു

കുറ്റ്യാടി ∙ വട്ടോളിയിൽ കഴിഞ്ഞ ദിവസം രാത്രി നിർത്തിയിട്ട 2 സ്വകാര്യ ബസുകൾ തകർത്തു. കൂടലിൽ പി.പി.അയൂബിന്റെ ഉടമസ്ഥതയിലുള്ള പി.പി.ഗ്രൂപ്പിന്റെ 2 ബസുകളാണു തല്ലിത്തകർത്തത്. ഇരുബസുകളുടെയും മുൻവശത്തെയും പിൻഭാഗത്തെയും ചില്ലുകളും ലൈറ്റുകളും പൂർണമായും തകർത്തു. 11 ടയറുകളും നശിപ്പിച്ചിട്ടുണ്ട്. 3 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കഴിഞ്ഞ മാസം 17ന് പൗരത്വ നിയമത്തിനെതിരെ ഹർത്താൽ നടന്ന ദിവസം പി.പി. ഗ്രൂപ്പിന്റെ ബസുകളിൽ ഒരെണ്ണം സർവീസ് നടത്തിയിരുന്നു. ഈ ബസ് ഓർക്കാട്ടേരിയിൽ തടഞ്ഞ ഒരു സംഘം, തൊഴിലാളികളെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഈ കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.2 ആഴ്ച മുൻപു പി.പി. ഗ്രൂപ്പിന്റെ ഒരു ബസ് കല്ലാച്ചിയിൽ ആക്രമണത്തിന് ഇരയായി.
പിന്നീട് ബസിലെ ക്ലീനർ ഷിജിലിനെ തളീക്കരയിൽ ബൈക്കിലെത്തിയ 2 പേർ ബസിൽ കയറി ആക്രമിച്ചു. ഈ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണു 2 ബസുകൾ കൂടി തകർത്തത്. അഡീഷനൽ എസ്പി ടി.കെ.സുബ്രഹ്മണ്യൻ, ഇൻസ്പെക്ടർ എൻ.സുനിൽകുമാർ,എസ്ഐമാരായ പി.റഫീഖ്, എം.പ്രജീഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.
ബസുകൾ തകർത്ത കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നു മോട്ടർ ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) കുന്നുമ്മൽ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്ത പക്ഷം ബസ് സർവീസ് നിർത്തിവയ്ക്കേണ്ടിവരുമെന്നും വടകര താലൂക്ക് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.







