Puthuppady

പുതുപ്പാടി മണല്‍വയലില്‍ തനിച്ച് താമസിക്കുന്നയാളെ കൊലപ്പെടുത്തി കവര്‍ച്ച നടത്താനെത്തിയ സംഘം റിമാന്റില്‍

പുതുപ്പാടി: മണല്‍ വയലില്‍ തനിച്ച് താമസിക്കുന്നയാളെ കൊലപ്പെടുത്തി കവര്‍ച്ച നടത്താനെത്തിയ സംഘം റിമാണ്ടില്‍. പുതുപ്പാടി തെയ്യപ്പാറ സ്വദേശികളായ കണ്ണാടിപറമ്പില്‍ ഷമീര്‍ എന്ന അനസ്, ഓട്ടോ ഡ്രൈവര്‍ മേങ്കോട്ടില്‍ അരുണ്‍ എന്നിവരെയാണ് റിമാന്റ് ചെയ്തത്.

ശനിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. പി പി ഇ കിറ്റ് ധരിച്ച് കോവിഡ് പരിശോധിക്കാനെന്ന വ്യാജേനെയാണ് അനസ് മണല്‍വയല്‍ കുമ്പിളിവേലില്‍ ഡി ഡി സിറിയകിന്റെ വീട്ടിലെത്തിയത്. രണ്ട് ദിവസം മുമ്പും അനസ് ഇത്തരത്തില്‍ ഇവിടെ എത്തിയിരുന്നു. വാക്‌സിനേഷന്‍ നടത്തിയതിന്റെ വിവരങ്ങള്‍ ശേഖരിക്കുകയും ഒരു വസ്തുവിന്റെ കുറവുണ്ടെന്നും പിറ്റേ ദിവസം വരാമെന്നും പറഞ്ഞ് മടങ്ങുകയുമായിരുന്നു. പിറ്റേദിവസം ഇരുവരും സിറിയകിന്റെ വീടിന് പരിസരത്ത് എത്തിയെങ്കിലും വീട്ടിലേക്ക് കയറിയിരുന്നില്ല. സംശയം തോന്നിയ സിറിയക് ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. ശനിയാഴ്ച വൈകിട്ട് ആറരയോടെ അനസ് എത്തിയപ്പോള്‍ സിറിയക് നാട്ടുകാരെ വിവരം അറിയിച്ചു.

ഇതോടെ അനസ് ഇറങ്ങി ഓടി റോഡിലുണ്ടായിരുന്ന ഓട്ടോയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാര്‍ ബൈക്കുകളില്‍ പിന്തുടര്‍ന്ന് മണല്‍ വയല്‍ അങ്ങാടിയില്‍ വെച്ച് ഓട്ടോ തടഞ്ഞ് ഇരുവരേയും പിടികൂടി താമരശ്ശേരി പോലീസിന് കൈമാറുകയായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് സിറിയക് പറയുന്നു. ഇവരുടെ ബേഗില്‍ നിന്ന് കത്തി, മുളക് പൊടി, കയര്‍ തുടങ്ങിയവ കണ്ടെത്തി.

തനിച്ച് താമസിക്കുന്ന സിറിയികിനെ വകവരുത്തിയ ശേഷം കവര്‍ച്ച നടത്താനായിരുന്നു ശ്രമം. സിറിയകിന്റെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതികള്‍ക്കെതിരെ ഐ പി സി 398, 341, 452, 506 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കവര്‍ച്ചാ ശ്രമം, തടഞ്ഞുവെക്കല്‍, അക്രമിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവക്കാണ് കേസെടുത്തത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. കവര്‍ച്ചക്ക് സഹായം ചെയ്തവരെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്

Related Articles

Leave a Reply

Back to top button