അരിപ്പാറ മുഖം മിനുക്കുന്നു; നവീകരണം ഉടൻ തീരും

തിരുവമ്പാടി: അറിപ്പാറ വെള്ളച്ചാട്ടത്തോട് അനുബന്ധിച്ചു ടൂറിസം വകുപ്പ് നടപ്പാക്കുന്ന നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നു. 2012ൽ ഡിടിപിസി തുടക്കമിട്ട പദ്ധതികളാണ് ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം പൂർത്തിയാകുന്നത്. ശുചിമുറി ബ്ലോക്കിന്റെ പൂർത്തീകരണം, പവലിയൻ നവീകരണം, പുഴയോരത്തെ കമ്പിവേലികൾ, വെള്ളച്ചാട്ടത്തിലേക്കുള്ള റോഡിലെ പൂട്ടുകട്ട പാകൽ തുടങ്ങിയ പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്.
48 ലക്ഷം രൂപയ്ക്കു സിഡ്കോ കരാർ എടുത്ത പ്രവൃത്തി മറ്റൊരു ഏജൻസിക്ക് ഉപകരാർ കൊടുക്കുകയായിരുന്നു. എന്നാൽ കരാർ എടുത്തവർ ഇതു പൂർത്തിയാക്കിയില്ല. ഇതിനാൽ ഏറെക്കാലം നവീകരണ പ്രവൃത്തികൾ സ്തംഭനാവസ്ഥയിലായിരുന്നു. സാംബശിവറാവു കലക്ടർ ആയ സമയത്ത് അദ്ദേഹം പ്രത്യേക താൽപര്യം എടുത്താണ് നവീകരണ പ്രവൃത്തികൾ പുനരാരംഭിച്ചത്.
ഇതിനിടയിൽ വെള്ളച്ചാട്ടത്തിനു മുകളിലൂടെ തിരുവമ്പാടി – കോടഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിനു വേണ്ടി പ്രത്യേക പദ്ധതി പ്രഖ്യാപിക്കുകയും ഇത് ഏതാനും മാസങ്ങൾക്ക് മുൻപ് ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു. ഈ മാസം 30നുള്ളിൽ പൂർത്തിയാകുന്ന വിധത്തിലാണ് ഇപ്പോൾ നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും സഞ്ചാരികൾ മുന്നറിയിപ്പുകൾ പാലിക്കാത്തതും അരിപ്പാറയിൽ ഒട്ടേറെ അപകടങ്ങൾ ഉണ്ടാക്കിയിരുന്നു.TAGS:







