Kodanchery

കോടഞ്ചേരി പഞ്ചായത്തിലെ പറപ്പറ്റ പാലം പുതുക്കി പണിയുന്നതിന്റെ മുന്നോടിയായി വിദഗ്ധ സംഘം പാലം സന്ദർശിച്ച് പരിശോധന നടത്തി.

കോടഞ്ചേരി: പഞ്ചായത്തിലെ പറപ്പറ്റ പാലം പുതുക്കി പണിയുന്നതിന്റെ മുന്നോടിയായി വിദഗ്ധ സംഘം പാലം സന്ദർശിച്ച് പരിശോധന നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.ബി.ബൈജു, പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ എം.വി.അരുൺചന്ദ്, പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ പി.സന്തോഷ്, മേജർ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ എ.ദിനേശ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോസ് പെരുമ്പള്ളി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് എത്തിയത്.

2019 ലെയും 2020ലെയും പ്രളയക്കെടുതിയിൽ പാലത്തിന്റെ അപ്രോച്ച് റോഡും സംരക്ഷണ ഭിത്തിയും തകരുകയും സമീപ പ്രദേശങ്ങളിലെ വീടുകളിലേക്കു വെള്ളം കയറുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം ചാലിപ്പുഴയിൽ ഉണ്ടായ മലവെളളപ്പാച്ചിലിൽ പാലത്തിന്റെ അനുബന്ധ റോഡ് തകർന്നതു മൂലം വലിയ വാഹനങ്ങൾ പാലം വഴി പോകാതായി. കഴിഞ്ഞ വർഷം മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചു.X

എന്നാൽ വലിയ പാലം വേണമെന്ന ആവശ്യം ഉയർന്നതോടെ പുതിയ എസ്റ്റിമേറ്റ് തയാറാക്കിയപ്പോൾ 2 കോടി രൂപയിലധികമായി. പുതിയ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചിട്ടില്ല. ഈ അവസരത്തിലാണ് എൻജിനീയർമാരുടെ സംഘം പാലം സന്ദർശിച്ച് പരിശോധന നടത്തിയത്. കോടഞ്ചേരി പറപ്പറ്റ ചെമ്പുകടവ് റോഡിൽ ചാലിപ്പുഴയിലുള്ള കാലപ്പഴക്കം ചെന്ന പറപ്പറ്റ ബണ്ട് പാലം പുതുക്കി പണിയേണ്ടത് അത്യാവശ്യമാണ്. ഓരോ വർഷം കഴിയുന്തോറും മലവെള്ളപ്പാച്ചിലിൽ പാലത്തിന്റെ സംരക്ഷണ ഭിത്തിയും അനുബന്ധ റോഡും തകരുകയാണ്.

ഇപ്പോൾ വാഹനങ്ങൾ അപായകരമാം വിധമാണ് പാലത്തിലൂടെ കടന്നു പോകുന്നത്. സമീപത്തുള്ള വീടുകളും അപകട ഭീഷണിയിലാണ്. പുതിയ പാലം നിർമാണത്തിനാവശ്യമായ ഫണ്ട് അനുവദിക്കണമെന്നും കാലതാമസം കൂടാതെ പുതിയ പാലം പണിയുന്നതിനുള്ള നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നു ഉണ്ടാകണമെന്നും പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി പറഞ്ഞു.

Related Articles

Leave a Reply

Back to top button