Mukkam
മണ്ണുമാന്തിയന്ത്രം റോഡിന് കുറുകെയിട്ട്:മുക്കത്ത് വൻ ഗതാഗതക്കുരുക്ക്

മുക്കം:മണ്ണുമാന്തിയന്ത്രം റോഡിന് കുറുകെയിട്ട് കരാറുകാരൻ പോയതിനെത്തുടർന്ന് മുക്കം നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്. ആലിൻചുവട്ടിൽ നിന്ന് പി.സി. ജങ്ഷനിലേക്ക് പോകുന്ന റോഡിലാണ് മുക്കം നഗര സൗന്ദര്യവത്കരണ പ്രവൃത്തിയുടെ കരാറുകാരൻ ഗതാഗതതടസ്സമുണ്ടാക്കിയത്. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.
നിർമാണപ്രവൃത്തിയുടെ ഭാഗമായി കടയുടെ മുന്നിൽ മെറ്റൽ കൂട്ടിയിട്ടത് വ്യാപാരികൾ കഴിഞ്ഞ ദിവസം ചോദ്യംചെയ്തിരുന്നു. ഇതാണ് കരാറുകാരനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.
ചെറിയ റോഡിന് നടുവിൽ മണ്ണുമാന്തിയന്ത്രം നിർത്തിയിട്ടുപോയതോടെ യാത്രക്കാർ ദുരിതത്തിലായി. തുടർന്ന് വ്യാപാരികൾ മുക്കം പോലീസിനെ വിവരമറിയിക്കുകയും വാഹനം എടുത്തുമാറ്റണമെന്ന് കരാറുകാരനോട് ആവശ്യപ്പെടുകയുമായിരുന്നു. കരാറുകാരൻ ആദ്യം വിസമ്മതിച്ചെങ്കിലും പോലീസ് കേസെടുക്കുമെന്ന് പറഞ്ഞതോടെ വാഹനം മാറ്റുകയായിരുന്നു






