Mukkam

ഡ്രില്ലിങ് യന്ത്രം ഉപയോഗിച്ച് മരത്തിൽ ദ്വാരങ്ങൾ ഉണ്ടാക്കി രാസവസ്തുക്കൾ നിറച്ചു; ആൽമരം നശിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം

മുക്കം: വെസ്റ്റ് മണാശ്ശേരിയിൽ കൂറ്റൻ ആൽമരം നശിപ്പിക്കാൻ സാമൂഹിക വിരുദ്ധരുടെ ശ്രമം. ഇതിനെതിരെ സംരക്ഷണ വലയം തീർത്ത് കുരുക്ഷേത്ര സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നാട്ടുകാർ രംഗത്തെത്തി. വർഷങ്ങൾ പഴക്കമുള്ള ആൽമരം രാത്രി നശിപ്പിക്കാനായിരുന്നു നീക്കം. ഡ്രില്ലിങ് യന്ത്രം ഉപയോഗിച്ച് മരത്തിൽ ദ്വാരങ്ങൾ ഉണ്ടാക്കി രാസവസ്തുക്കൾ നിറച്ചു. മരത്തിന്റെ ഇലകൾക്ക് വാട്ടം തുടങ്ങിയതോടെ നാട്ടുകാർ ഇതു കണ്ടെത്തുകയായിരുന്നു.

ആൽമരത്തിന് സംരക്ഷണ വലയം തീർത്ത് തൊട്ടടുത്ത് തന്നെ പുതിയ ആൽമരം നട്ടും കുരുക്ഷേത്ര സാംസ്കാരിക വേദി പ്രതിഷേധിച്ചു. ടി.ഗോപാലൻ സംരക്ഷണ വലയം ഉദ്ഘാടനം ചെയ്തു. പി.ജയപ്രകാശ് ആധ്യക്ഷ്യം വഹിച്ചു. എം.പി.പ്രദീപ് കുമാർ, പി.ശശീധരൻ, വിനീഷ് മാമ്പലത്ത്, ഗിരീഷ് പൈക്കാട്ട്,പ്രദീപ് കുമാർ മാട്ടുമ്മൽ,രതീഷ് മണാശ്ശേരി, അക്ഷയ് പ്രകാശ്,പി.വിഷ്ണു,ഇ.എൻ.ജിതേഷ് എന്നിവർ പ്രസംഗിച്ചു. മരം നശിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് വനം, പൊലീസ്, നഗരസഭ അധികൃതർക്ക് പരാതി നൽകി.

Related Articles

Leave a Reply

Back to top button