മുക്കത്ത് സർവീസ് സ്റ്റേഷൻ ഉടമയെ മർദിച്ച കേസിൽ രണ്ടുപേർ പിടിയിൽ

മുക്കം: ഇരുചക്ര വാഹനം കഴുകുന്നതുമായി ബന്ധപ്പെട്ട് സർവീസ് സ്റ്റേഷൻ ഉടമയെ ആക്രമിച്ച കേസിൽ രണ്ടു പേരെ മുക്കം പോലീസ് പിടികൂടി. കേസിലെ ഒന്നാം പ്രതി മുക്കം കുറ്റിപ്പാലക്കൽ കെ.പി. ഷാഹുൽ ഹമീദ്, ആനയാംകുന്ന് എടലംപാട്ട് ഷറഫുദ്ദീൻ എന്നിവരാണ് പിടിയിലായത്. പ്രതികളെ താമരശേരി കോടതിയിൽ ഹാജരാക്കി.
ഇവരുൾപ്പെടെ ആകെ ആറു പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന നാലു പേർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി മുക്കം ഇൻസ്പെക്ടർ കെ.പി. അഭിലാഷ് പറഞ്ഞു.
മുക്കം അഭിലാഷ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന നയന്റീസ് ഗാരേജ് സർവീസ് സ്റ്റേഷനിൽ കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. ഇരുചക്ര വാഹനവുമായി സർവീസ് സ്റ്റേഷനിലെത്തിയ പ്രതികൾ തന്റെ വാഹനം ഉടനെ കഴുകി തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ചപ്പോൾ സുഹൃത്തുക്കളെ വിളിച്ചു വരുത്തി കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു







