Mukkam

തിരുവമ്പാടി മണ്ഡലം തദ്ദേശഭരണ സ്ഥാപന അധ്യക്ഷരുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേർന്നു

മുക്കം: തിരുവമ്പാടി മണ്ഡലം തദ്ദേശഭരണ സ്ഥാപന അധ്യക്ഷരുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേർന്നു. വന്യജീവി ആക്രമണം, കൃഷിനാശം വനാതിർത്തിയിലെ പ്രശ്നങ്ങൾ, എന്നിവ പരിഹരിക്കുന്നതിനു വേണ്ടി തിരുവമ്പാടി മണ്ഡലത്തിലെ തദ്ദേശഭരണ സ്ഥാപന അധ്യക്ഷർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം എംഎൽഎ ഓഫീസിൽ ചേർന്നു.

വനാതിർത്തിയിൽ വനം വകുപ്പ് ജണ്ട ഇടുന്നതുമായി ബന്ധപ്പെട്ട അതിർത്തി തർക്കം, കാട്ടാനശല്യം, കാട്ടുപന്നി ശല്യം, നീർനായ ശല്യം എന്നിവ ചർച്ച ചെയ്തു. വനാതിർത്തിയിൽ തർക്കമില്ലാത്ത സ്ഥലങ്ങളിൽ ജണ്ട കെട്ടുന്നതിനും തർക്കമുള്ള പ്രദേശങ്ങളിൽ സംയുക്ത പരിശോധനയ്ക്കു ശേഷം ജണ്ട ഇടുന്നതിനും നേരത്തെ മന്ത്രിയുടെ സാന്നിധ്യത്തിൽ എടുത്ത തീരുമാനവുമായി മുന്നോട്ട് പോകാൻ ഉദോഗസ്ഥർക്ക് നിർദ്ദേശം നൽകി. ആന ശല്യം ഒഴിവാക്കുന്നതിന് കൂടുതൽ പ്രദേശങ്ങളിൽ ഫെൻസിങ് നടത്തുന്നതിനും ഫെൻസിങ് നടത്തിയ പ്രദേശങ്ങളിൽ റിപ്പയർ ചെയ്തു നന്നാക്കുന്നതിനും തീരുമാനിച്ചു.

കാട്ടുപന്നി ശല്യം ഒഴിവാക്കുന്നതിന് കുറേക്കൂടി ഉദാരമായ സമീപനം സ്വീകരിക്കാനും തീരുമാനിച്ചു. തോക്ക് ലൈസൻസിന് അപേക്ഷിച്ചവർക്കല്ലാം അർഹത അനുസരിച്ച് ലൈസൻസിന് ശുപാർശ ചെയ്യുവാനും. നീർനായ ശല്യം ശാസ്ത്രീയമായി പഠിക്കുന്നതിന് തീരുമാനിച്ചു.

എല്ലാ പഞ്ചായത്തുകളിലും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കർഷക സംഘടനാ പ്രതിനിധികൾ, ജനപ്രതിനിധികൾ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്ന് പ്രശ്നപരിഹാരത്തിന് സാധ്യതകൾ അന്വേഷിക്കും. യോഗത്തിൽ, മുക്കം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. ചാന്ദിനി, കോടഞ്ചേരി പ്രസിഡന്റ് അലക്സ് തോമസ്, തിരുവമ്പാടി പ്രസിഡൻറ് മേഴ്സി പുളിക്കാട്ട്, കാരശ്ശേരി പ്രസിഡണ്ട് വിപി സ്മിത, ഡിഎഫ്ഒ രാജീവൻ, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ രാജീവ് കുമാർ എം കെ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button