ഭാഷകളോട് സർക്കാർ കാണിക്കുന്ന ചിറ്റമ്മനയം അവസാനിപ്പിക്കണമെന്ന് സി.പി. ചെറിയ മുഹമ്മദ്

മുക്കം : ഭാഷകളോട് സർക്കാർ കാണിക്കുന്ന ചിറ്റമ്മനയം അവസാനിപ്പിക്കണമെന്ന് സി.പി. ചെറിയ മുഹമ്മദ് അഭിപ്രായപ്പെട്ടു.
കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്.) മുക്കം ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എ.ഇ.ഒ. ഓഫീസ് ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സൈനുൽ ആബിദ് അധ്യക്ഷതവഹിച്ചു.
എൻ.ഇ.പി. യിൽ അറബി ഭാഷാപഠനം ഉറപ്പാക്കുക, സർവീസിലുള്ള മുഴുവൻ അധ്യാപകരെയും കെ – ടെറ്റിൽനിന്ന് ഒഴിവാക്കുക, മുഴുവൻ ജീവനക്കാരെയും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുക, എയ്ഡഡ് പാർട്ട് ടൈം അധ്യാപകർക്ക് പി.എഫ്. അനുവദിക്കുക, ഹയർ സെക്കൻഡറിയിൽ ഭാഷാപഠനത്തിനെതിരേയുള്ള സർക്കുലർ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ സംഘടിപ്പിച്ചത്.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അബ്ദുൽറഷീദ് ഖാസിമി മുഖ്യ പ്രഭാഷണം നടത്തി. പി.കെ. ഹഖീം, മജീദ് എള്ളങ്ങൽ, ഹബീബുറഹ്മാൻ, സീനത്ത്, ഖൈറുന്നീസ, ഷമീമ, അബ്ദുൽ ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു.







