അനുബന്ധ പാത ഒഴുകിപ്പോയി: നടപ്പുകാരില്ലാതെ പാലം:

കോടഞ്ചേരി: ചെമ്പുകടവ് ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ചക്കിപ്പാറ ഡാമിനു ചേർന്ന് ചാലിപ്പുഴയ്ക്കു കുറുകെ കെഎസ്ഇബി പണിത ഇരുമ്പു നടപ്പാലത്തിന്റെ കനാൽ സൈഡിലെ അനുബന്ധ നടപ്പാതയാണു 2019ലെ പ്രളയത്തിൽ ഒലിച്ചുപോയത്.കോടഞ്ചേരി പഞ്ചായത്തിൽ ചാലിപ്പുഴയുടെ ഇരുകരകളിലുമുള്ള ചക്കിപ്പാറ അങ്ങാടിയെയും വട്ടച്ചിറ അങ്ങാടിയെയും ഏറ്റവും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്നതാണ് ഈ നടപ്പാലം.
നേരത്തെ ചക്കിക്കയത്തിനു മുകളിലുള്ള ബണ്ടുവഴിയായിരുന്നു നാട്ടുകാർ അക്കരയിക്കരെ കടന്നിരുന്നത്.ചെമ്പുകടവ് ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തോടനുബന്ധിച്ച് ബണ്ടിന്റെ സ്ഥാനത്ത് ചക്കിപ്പാറ ഡാം നിർമിച്ചപ്പോൾ നാട്ടുകാരുടെ ആവശ്യപ്രകാരമാണ് ഡാമിനു സമീപം കെഎസ്ഇബി ഇരുമ്പു നടപ്പാലം പണിതത്.
പ്രളയക്കെടുതിയിൽ നടപ്പാലത്തിനോടു ചേർന്നുള്ള നടപ്പാത ഒലിച്ചുപോയതോടെ നടപ്പാലത്തിലൂടെയുള്ള യാത്ര പൂർണമായും നിലച്ചു.പാലത്തിന്റെ തകർന്ന നടപ്പാത പുനർനിർമിക്കുന്നതിനു കരാർ നൽകിയിട്ടുള്ളതാണെന്നും മഴ കുറഞ്ഞാൽ പണി ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.






