കോടഞ്ചേരിയിൽ ഗവഃ പോളിടെക്നിക്ക് അനുവദിക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികൾ

കോടഞ്ചേരി: കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ ഗവഃ പോളിടെക്നിക് കോളേജ് അനുവദിക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികൾ രംഗത്തെത്തി. പോളിടെക്നിക് കോളേജ് അനുവദിക്കണമെന്ന ആവശ്യവുമായി മുൻപ് ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കോടഞ്ചേരി പഞ്ചായത്ത് അധികൃതർ തുടങ്ങിയവർ പ്രമേയം അവതരിപ്പിച്ചിരുന്നു.
ഗവഃ പോളിടെക്നിക് കോളേജ് സ്ഥാപിക്കുന്നതിന്റെ മാനദണ്ഡമായ 5 ഏക്കർ സ്ഥലം കോടഞ്ചേരി ഗവഃ കോളേജുമായി ബന്ധപ്പെട്ടു ലഭ്യമാണെന്നുള്ളതിനാലാണ് ഇത്തരത്തിൽ ഒരു ആവശ്യം കൂടുതൽ പ്രസക്തമാകുന്നത്. നിലവിൽ കോഴിക്കോട് ജില്ലയിൽ ഒരു വനിതാ പോളിടെക്നിക് കോളേജ് ഉൾപ്പെടെ രണ്ട് ഗവഃ പോളിടെക്നിക് കോളേജുകൾ മാത്രമാണുള്ളത്.
കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിലായി പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ എസ് എസ് എൽ സി വിദ്യാഭ്യാസം പൂർത്തിയാക്കി ഇറങ്ങുന്ന സാഹചര്യത്തിൽ മലയോര മേഖലയായ കോടഞ്ചേരിയിൽ ഗവഃ കോളേജ് സ്ഥാപിക്കുന്നത് കൂടുതൽ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുമെന്ന് കണക്കാക്കപ്പെടുന്നു.
തിരുവമ്പാടി മണ്ഡലത്തിൽ അനുവദിച്ച പോളിടെക്നിക് കോളേജ് ആറ് വർഷത്തിനിപ്പുറവും യാഥാർഥ്യമാകാത്തതിൽ പൊതുജനങ്ങൾക്കുള്ള അതൃപ്തി മാറ്റുവാനും ഇത് അവസരമൊരുക്കും. കോളേജിനായി ലഭ്യമായ സ്ഥലം നിർമ്മാണത്തിന് അനുയോജ്യമല്ലാത്തതാണ് പദ്ധതി നേരിടുന്ന പ്രശനം. കോടഞ്ചേരിയിൽ സ്ഥലം ലഭ്യമാക്കുന്നതിലൂടെ ഈ പ്രതിസന്ധിയും മറികടക്കാനാവുമെന്ന് അഭിപ്രായമുയരുന്നുണ്ട്.
തിരുവമ്പാടി നിയോജക മണ്ഡലത്തിലും പരിസര പ്രദേശങ്ങളിലും ഉള്ള വിദ്യാർത്ഥികളുടെ ഉപരി പഠനത്തിന് കൂടുതൽ അവസരമൊരുക്കുന്നതിനും മലയോര മേഖലയുടെ വികസനത്തിനുമായി പ്രസ്തുത സ്ഥാപനം നടപ്പിൽ വരുത്തുവാൻ തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ ലിന്റോ ജോസഫും സംസ്ഥാന സർക്കാരും മുൻകൈ എടുക്കണമെന്ന് ജനപ്രതിനിധികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, സ്റ്റാൻഡിങ് കമ്മറ്റി ഭാരവാഹികളായ ജോസ് പെരുമ്പള്ളി, റിയാനാ സുബൈർ, സിബി, വാർഡ് മെമ്പർ ചിന്ന അശോകൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.






